Home കർണാടക മന്ത്രിമാര്‍ ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലെത്തുമെന്ന് കര്‍ണാടക ബിജെപി; വേഗം കൊണ്ടുപോകാൻ ഡി.കെ. ശിവകുമാറിൻ്റെ വെല്ലുവിളി!

മന്ത്രിമാര്‍ ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലെത്തുമെന്ന് കര്‍ണാടക ബിജെപി; വേഗം കൊണ്ടുപോകാൻ ഡി.കെ. ശിവകുമാറിൻ്റെ വെല്ലുവിളി!

ബെംഗളൂരു: കർണാടക ബിജെപി സംസ്ഥാന പ്രസിഡൻ്റ് ബി.വൈ. വിജയേന്ദ്ര തിങ്കളാഴ്ച നടത്തിയൊരു പ്രസ്താവന കർണാടക രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ 25 കോണ്‍ഗ്രസ് എംഎല്‍എമാരെങ്കിലും ബിജെപിയില്‍ ചേരാൻ തയ്യാറാകുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ വാക്കുകള്‍. ഈ പ്രസ്താവന ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ഒരേസമയം ചൊടിപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. കർണാടകയിലെ കോണ്‍ഗ്രസ് മന്ത്രിമാരെ ലക്ഷ്യമിട്ട് രഹസ്യ സ്റ്റിങ് ഓപ്പറേഷനുകള്‍ നടക്കുന്നുണ്ടെന്ന വിവാദങ്ങള്‍ക്കിടയിലാണ് വിജയേന്ദ്രയുടെ ഈ വിവാദ പ്രസ്താവന.എന്നാല്‍ ബിജെപിയുടെ വാദങ്ങള്‍ക്ക് പരിഹാസരൂപേണ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

അധികം സമയം പാഴാക്കാതെ തന്നെ എംഎല്‍എമാരെ വിളിച്ചുകൊണ്ട് പോകൂവെന്ന വെല്ലുവിളിയാണ് കർണാടക മുഖ്യമന്ത്രി നടത്തിയത്. “ആദ്യം അയാളോട് അവരെ പാർട്ടിയിലേക്ക് കൊണ്ടുപോകാൻ പറയൂ. അയാളോട് ഒട്ടും വൈകിക്കരുതെന്നും പറഞ്ഞേക്കൂ,” എന്നായിരുന്നു ശിവകുമാറിൻ്റെ ആദ്യ പ്രതികരണം.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിന് ബിജെപിയേയും ജെഡിഎസിനേയും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിമർശിച്ചു. “ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് കുമാരസ്വാമിക്കും വിജയേന്ദ്രയ്ക്കും അറിയില്ലായിരുന്നു. അവരുടെ നേതാക്കള്‍ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്. അവർക്ക് വേറെ എന്താണ് വേണ്ടത്? വിജയേന്ദ്ര സമയം ഒട്ടും പാഴാക്കാതെ നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുപോട്ടെ,” മുഖ്യമന്ത്രി പരിഹസിച്ചു.

കർണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വലിയ ആഭ്യന്തര തർക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിലുള്ള വിശ്വാസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്നലെ ആരോപിച്ചിരുന്നു. നാളെ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മന്ത്രിമാർ ഉള്‍പ്പെടെ 25 ഭരണകക്ഷി എംഎല്‍എമാർ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാൻ തയ്യാറായി നില്‍ക്കുകയാണെന്നും ബി.വൈ. വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.മന്ത്രിസഭയിലുള്ളവരെ കുടുക്കാന്‍ സ്റ്റിങ് ഓപ്പറേഷന്‍ കെണികള്‍ ഒരുങ്ങുന്നുണ്ടെന്നും സൂക്ഷിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം ഭരണകക്ഷി എംഎല്‍എമാർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തനിക്കും തന്‍റെ മന്ത്രിസഭയ്ക്കുമെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group