ബെംഗളൂരു: ശൈത്യകാല സമയക്രമത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് അഞ്ച് പുതിയ വിമാന സർവീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്.ഒക്ടോബർ 25 മുതല്‍ കാഠ്മണ്ഡു, ഗോവ, ജോധ്പുർ, മധുര, കോയമ്പത്തൂർ എന്നീ നഗരങ്ങളിലേക്കാണ് പുതിയ വിമാന സർവീസുകള്‍ ആരംഭിക്കുക. ഇതോടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാർക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ലഭിക്കും.ബെംഗളൂരുവില്‍ നിന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ദിവസേന വിമാന സർവീസ് നടത്തുവാനാണ് തീരുമാനം. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് ആഴ്ചയില്‍ ഏഴ് സർവീസുകളാണ് ഈ പാതയില്‍ ഉണ്ടാവുക.
ബെംഗളൂരുവില്‍ നിന്ന് നേപ്പാളിലേക്ക് നേരിട്ടുള്ള യാത്ര ആഗ്രഹിക്കുന്നവർക്ക് പുതിയ സർവീസ് പ്രയോജനപ്പെടും. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് ധാരാളം പേർ സന്ദർശിക്കുന്ന ഇടം കൂടിയാണ് നേപ്പാള്‍ എന്നതിനാല്‍ ഈ സർവീസ് എന്തുകൊണ്ടും പ്രയോജനകരമായിരിക്കും.അന്താരാഷ്ട്ര സർവീസിന് പുറമേ നാലോളം നഗരങ്ങളിലേക്ക് ആഭ്യന്തര സർവീസ് കൂടി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കും. ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ജോധ്പുരിലേക്കും മധുരയിലേക്കും ദിവസേന വിമാന സർവീസ് ഉണ്ടാകും. കോയമ്പത്തൂരിലേക്ക് ആഴ്ചയില്‍ 14 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാൻ ഈ സർവീസുകള്‍ സഹായിക്കും. പ്രത്യേകിച്ച് തമിഴ്നാട്ടിലെ രണ്ട് പ്രധാന നഗരങ്ങളിലേക്കും പുതിയ സർവീസുകള്‍ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ശൈത്യകാല അവധി ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് ഏറെ ഗുണകരമാണ് ഇത്.
മാത്രമല്ല മധുരയിലേക്കും കോയമ്പത്തൂരേക്കും വിനോദ സഞ്ചാരികള്‍ക്കും പോകാവുന്നതാണ്.ഊട്ടിയിലേക്ക് കോയമ്പത്തൂരില്‍ നിന്നും രണ്ടര മണിക്കൂർ യാത്ര മാത്രമാണുള്ളത്. ഇത് കൂടാതെ വാല്പാറ, പൊള്ളാച്ചി തുടങ്ങിയ ഇടങ്ങളും ഇതിനോട് ചേർന്ന് തന്നെയാണ് നില്‍ക്കുന്നത്. മധുരയാവട്ടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര നഗരങ്ങളില്‍ ഒന്ന് കൂടിയാണ്. അതുകൊണ്ട് തന്നെ സർവീസുകള്‍ കൂടുതല്‍ പേർക്ക് ഗുണമാവും എന്ന കാര്യത്തില്‍ തർക്കമില്ല.അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശൈത്യകാല സമയക്രമത്തിന്റെ ഭാഗമായാണ് പുതിയ സർവീസുകള്‍ കൊണ്ടുവരുന്നത്. ഒക്ടോബർ 25 മുതല്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ആഭ്യന്തരവും അന്തർദേശീയവുമായ 40ലധികം പുതിയ വിമാന പാതകള്‍ ഉള്‍പ്പെടുന്നു. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രധാന നഗരങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.ബെംഗളൂരുവില്‍ നിന്ന് പുതിയ സർവീസുകള്‍ ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതല്‍ സമയക്രമങ്ങളും ലക്ഷ്യസ്ഥാനങ്ങളും തിരഞ്ഞെടുക്കാൻ സാധിക്കും. വിമാന ടിക്കറ്റുകളുടെ നിരക്കും സർവീസ് സമയവും യാത്രയ്ക്ക് മുമ്പ് വിമാനക്കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കുകയാണ് ഇതിന് മുന്നോടിയായി ചെയ്യേണ്ടത്.