ശരീരപ്രകൃതിയെ പരിഹസിക്കുകയോ, വാക്കാലുള്ള അധിക്ഷേപം നടത്തുകയോ ചെയ്യുന്നത് മാത്രം ഇന്ത്യൻ ശിക്ഷാനിയമം 509-ാം വകുപ്പ് പ്രകാരം ഒരു സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കുന്ന കുറ്റകൃത്യമായി കാണാനാവില്ലെന്ന് കർണാടക ഹൈക്കോടതി.രണ്ടു യുവതികളുടെ പേരില്‍ ബെംഗളൂരു സ്വദേശിനി നല്‍കിയ കേസ് തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഐ.പി.സി. 509 പ്രകാരം ശിക്ഷാർഹമായ കുറ്റം നടന്നതായി കേസിന്റെ നിലവിലുള്ള രേഖകളില്‍ നിന്ന് കണ്ടെത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ടു സ്ത്രീകളും ഒരു പുരുഷനും ചേർന്ന് തങ്ങളെയും സുഹൃത്തുക്കളെയും വാക്കുകളിലൂടെ അധിക്ഷേപിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് 26-കാരിയായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് കേസെടുത്ത പോലീസ് ഐ.പി.സി. 509 വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയും ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ പുരുഷന്റെ പേരിലുള്ള നടപടികള്‍ 2024 ജൂണില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് യുവതികള്‍ക്കെതിരെയുള്ള നടപടികളും ഹൈക്കോടതി പൂർണ്ണമായി തള്ളിയത്.