Home കർണാടക പാകിസ്താൻ ഭീകരബന്ധം ആരോപിച്ച്‌ കര്‍ണാടകയില്‍ 24കാരൻ അറസ്റ്റില്‍; മൊബൈല്‍ ഫോണില്‍ നിര്‍ണായക ചാറ്റുകളെന്ന് പൊലീസ്

പാകിസ്താൻ ഭീകരബന്ധം ആരോപിച്ച്‌ കര്‍ണാടകയില്‍ 24കാരൻ അറസ്റ്റില്‍; മൊബൈല്‍ ഫോണില്‍ നിര്‍ണായക ചാറ്റുകളെന്ന് പൊലീസ്

ബെംഗളൂരു: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്നതായി പൊലീസ് ആരോപിക്കുന്ന തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്ന കേസില്‍ കർണാടകയിലെ ബീദറില്‍ 24കാരൻ അറസ്റ്റില്‍.യെനക്കൂർ ഗ്രാമത്തിലെ ബി.ബി.എ വിദ്യാർഥിയായ വിശാല്‍ കുമാർ മെത്രെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തുടർന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയും ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്.ഒക്ടോബർ രണ്ടിന് പുലർച്ചെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിശാലിനെ പിടികൂടിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 2025 ഡിസംബർ മുതല്‍ ഇയാളുടെ പ്രവർത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഖാതക് ചിഞ്ചോളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.വിശാലിന്റെ മൊബൈല്‍ ഫോണ്‍, വാട്‌സ്‌ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ പാകിസ്താൻ ആസ്ഥാനമായുള്ള ഷെഹ്‌സാദ് ഭട്ടി, റാണ ഹുനൈൻ, നോമി ഖാൻ എന്നിവരുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തിയെന്നാണ് പൊലീസിന്റെ അവകാശവാദം. അനധികൃത തോക്കുകളുടെ കടത്തും വില്‍പനയും സംബന്ധിച്ച സംഭാഷണങ്ങള്‍ നടന്നതായും അന്വേഷണ സംഘം ആരോപിക്കുന്നു.റാണ ഹുനൈൻ അയച്ചതായി പറയുന്ന ‘റഹേ ഹഖ്’, ‘റാണ ഭായ് 333’ എന്നീ വാട്‌സ്‌ആപ് ചാനലുകളിലും വിശാല്‍ അംഗമായിരുന്നുവെന്നാണ് എഫ്.ഐ.ആറിലെ പരാമർശം. ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും എതിരായ ഉള്ളടക്കങ്ങളെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന പോസ്റ്റുകളും വീഡിയോകളും ഇയാള്‍ കണ്ടിരുന്നതായും അന്വേഷണ സംഘം പറയുന്നു. അഷു ശർമ്മ, രാജ് ഭായ് എന്ന ലക്കി സിങ് എന്നിവരുമായും വാട്‌സ്‌ആപ്പ്, ഇൻസ്റ്റഗ്രാം വഴി ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് ആരോപണം.അതേസമയം, പൊലീസിന്റെ ആരോപണങ്ങള്‍ വിശാലിന്റെ കുടുംബം നിഷേധിച്ചു. കുടുംബസ്വത്ത് തർക്കത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിശാല്‍ ബെംഗളൂരുവില്‍ ജോലി ചെയ്തുകൊണ്ട് പഠിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

വീടു പരിശോധിച്ച പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതായും ബന്ധുക്കള്‍ ആരോപിച്ചു.കുടുംബസ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം പിതാവായ വിജയകുമാറിനെതിരെ ആക്രമണം നടത്താൻ വിശാല്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് ആരോപിക്കുന്നുണ്ട്. പിതാവ് മാതാവ് മഹാദേവിയെ ഉപേക്ഷിച്ച്‌ വീണ്ടും വിവാഹം കഴിച്ചതും കുടുംബസ്വത്തിലും കൃഷിയിടത്തിലും വിഹിതം ലഭിക്കാത്തതുമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഈ ആരോപണങ്ങളും കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.യു.എ.പി.എയിലെ 18, 20, 39 വകുപ്പുകള്‍ക്കും ഭാരതീയ ന്യായ സംഹിതയിലെ 61(2), 3(5) വകുപ്പുകള്‍ക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശാലിന് യഥാർഥത്തില്‍ ഏതുതരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നുവെന്നും ആയുധക്കടത്ത് സംബന്ധിച്ച ആരോപണങ്ങളില്‍ ഇയാളുടെ പങ്കെന്താണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്. ആരോപണങ്ങള്‍ കോടതിയുടെ പരിഗണനയിലും അന്വേഷണത്തിലുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group