ബെംഗളൂരു: ഏറെ നാളായി കാത്തിരിക്കുന്ന ബെംഗളൂരു മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത വാരാന്ത്യത്തോടെ സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്.ഒക്ടോബർ 10 അല്ലെങ്കില്‍ 11ന് സർവീസ് തുടങ്ങാനാണ് സാധ്യതയെന്നാണ് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി സർവീസ് നടത്തുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനായിരിക്കും ഇത്.ബെംഗളൂരുവില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ഉദ്ഘാടന തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
എസ്എംവിടി ബെംഗളൂരുവിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ഇടയില്‍ ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്.ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 16 മണിക്കൂർ അഞ്ച് മിനിറ്റ് എടുക്കും. മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള തിരിച്ചുള്ള യാത്ര 15 മണിക്കൂർ 45 മിനിറ്റില്‍ പൂർത്തിയാക്കുന്ന രീതിയിലാണ് സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. താല്‍ക്കാലിക സമയക്രമം അനുസരിച്ച് ബെംഗളൂരുവിലെ എസ്എംവിടി സ്റ്റേഷനില്‍ നിന്ന് രാത്രി 7.50ന് ട്രെയിൻ പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55ന് മുംബൈയിലെത്തും.മുംബൈയില്‍ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55ന് എസ്എംവിടി ബെംഗളൂരുവിലെത്തും.
അനന്തപുർ, ഗുണ്ടക്കല്‍, റായ്ച്ചൂർ, കലബുറഗി, സോളാപൂർ, പൂനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് നിർദ്ദിഷ്ട സ്റ്റോപ്പുകള്‍. ട്രെയിനിന് 27651, 27652 എന്നീ നമ്പറുകള്‍ നല്‍കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ സമയക്രമവും ട്രെയിൻ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്തിമ വിജ്ഞാപനം വരുന്നതോടെ മാത്രമേ ഉറപ്പാകൂ.കർണാടക ആസ്ഥാനമായ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേക്ക് രണ്ട് വന്ദേഭാരത് സ്ലീപ്പർ റേക്കുകള്‍ അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം റെയില്‍വേ ബോർഡിന്റെ കോച്ചിങ് ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു മുംബൈ റൂട്ടില്‍ നിലവിലുള്ള ട്രെയിനുകള്‍ക്ക് യാത്ര പൂർത്തിയാക്കാൻ സാധാരണയായി 22 മുതല്‍ 24 മണിക്കൂർ വരെ വേണ്ടിവരുന്നതിനാല്‍ പുതിയ സ്ലീപ്പർ സർവീസ് യാത്രാസമയം ഗണ്യമായി കുറയ്ക്കും.രാത്രി യാത്ര ചെയ്ത് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്ന രീതിയിലാണ് പുതിയ സർവീസ് ഒരുക്കുന്നത്.
ബെമലിന്റെ നേതൃത്വത്തില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വികസിപ്പിച്ച പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ട് 16 കോച്ച് ട്രെയിൻ സെറ്റുകളാണ് ബെംഗളൂരു മുംബൈ റൂട്ടില്‍ ഉപയോഗിക്കുക. ഇതില്‍ ഒരു ട്രെയിൻ സെറ്റ് നിലവില്‍ ബെംഗളൂരു കന്റോണ്‍മെന്റിലും മറ്റൊന്ന് ബംഗാർപേട്ടിന് സമീപമുള്ള വരദാപുരയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.2025 സെപ്റ്റംബറില്‍ തന്നെ ഈ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് വൈകുകയായിരുന്നു. ബെംഗളൂരു മുംബൈ റൂട്ടില്‍ വേഗതയേറിയ രാത്രി ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ ദീർഘദൂര യാത്രയ്ക്ക് പുതിയൊരു ഓപ്ഷൻ ലഭിക്കും എന്നതാണ് പ്രത്യേകത.അതേസമയം, ട്രെയിൻ കെഎസ്ആർ ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നിന്ന് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്റ്റേഷനില്‍ നിന്ന് സർവീസ് ആരംഭിക്കുമെന്ന മുൻ വാഗ്ദാനം റെയില്‍വേ മന്ത്രി പാലിക്കണമെന്നാണ് കർണാടക റെയില്‍വേ വേദികെ പ്രതിനിധി കെഎൻ കൃഷ്ണ പ്രസാദിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.