ബെംഗളൂരുവില്‍ ബാച്ചിലർമാർക്ക് ഫ്ലാറ്റ് കണ്ടെത്തുക എന്നത് എത്ര പ്രയാസകരമാണെന്നുള്ള കാര്യം ഒരു യുവാവ് പങ്കുവച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്.ഒരു ഫ്ലാറ്റ് കണ്ടെത്തിയെന്നും അഡ്വാൻസ് തുക നല്‍കി, വാടകക്കരാറില്‍ ഒപ്പുവെച്ചതിന് ശേഷം താനൊരു ബാച്ചിലറാണെന്ന കാരണത്താല്‍ ഫ്ലാറ്റ് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടന്നം നിഖില്‍ ഷെയോറൻ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.സെപ്റ്റംബർ 25-ന് പങ്കുവെച്ച പഴയൊരു പോസ്റ്റില്‍ തന്റെ ഫ്ലാറ്റ് അന്വേഷണം വിജയകരമായി അവസാനിച്ചെന്നും തന്റെ പുതിയ വീടിന്റെ താക്കോല്‍ ലഭിച്ചെന്നും സന്തോഷത്തോടെ അദ്ദേഹം കുറിച്ചിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.സുരക്ഷാ ഡെപ്പോസിറ്റും വാടകക്കരാറും ഒപ്പുവെച്ചിട്ടും ഫ്ലാറ്റ് ഒഴിയാൻ തന്നോട് ആവശ്യപ്പെട്ടതായി നിഖില്‍ ഷെയോറൻ പിന്നീട് അറിയിച്ചു.
താനൊരു ബാച്ചിലറാണെന്നത് മാത്രമാണ് അവർ ഉന്നയിച്ച ഏക പ്രശ്നം. സൊസൈറ്റി പ്രസിഡന്റുമായുള്ള വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.’ബെംഗളൂരുവിലെ വീട്ടുടമകള്‍ വളരെ ശത്രുതാമനോഭാവമുള്ളവരാണ്. നിങ്ങള്‍ ബാച്ചിലറാണെന്ന് അവർ അറിഞ്ഞാല്‍ അവർ നിങ്ങളെ തിരിച്ചുകൊണ്ടുപോയി തലയ്ക്ക് വെടിവെക്കും” എന്ന് പരിഹാസരൂപേണയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.ബാച്ചിലർമാർക്ക് അനുവാദമില്ലെന്ന സൊസൈറ്റിയുടെ തീരുമാനമാണെന്നും മറ്റൊരു വീട് അന്വേഷിക്കണമെന്ന് സൊസൈറ്റി പ്രസിഡന്റ് വാട്സാപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നതായി സ്ക്രീൻഷോട്ടില്‍ കാണാം. എന്നാല്‍ ഡെപ്പോസിറ്റ് നല്‍കിയെന്നും വാടകക്കരാർ ഒപ്പുവെച്ചെന്നും ഉടമയുമായി കാര്യങ്ങള്‍ സംസാരിച്ചതാണെന്നും നിഖില്‍ മറുപടി നല്‍കി.ഒഴിപ്പിക്കലിനെതിരെ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ഈ പോസ്റ്റ് പങ്കുവെച്ചതിനുശേഷം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ഇത് കണ്ടു. ഒറ്റയ്ക്ക് താമസിക്കുന്നവർ നേരിടുന്ന അനുഭവങ്ങള്‍ പലരും പങ്കുവെച്ചപ്പോള്‍, ഇത്തരം നിയമങ്ങള്‍ സൊസൈറ്റികളില്‍ ഏർപ്പെടുത്തുന്നതിന്റെ കാരണങ്ങളെക്കുറിച്ചും ചിലർ ചൂണ്ടിക്കാണിച്ചു.’ഇത് വളരെ മോശമാണ്.
നിങ്ങള്‍ക്ക് ഈ അനുഭവം ഉണ്ടായതില്‍ ഖേദിക്കുന്നു’ എന്ന് ഒരു ഉപയോക്താവ് എഴുതി.’ബെംഗളൂരുവില്‍ മാത്രമല്ല, എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. വീട് ലഭിക്കാനായി ഒരു ലസ്ബിയൻ സുഹൃത്തിനെ എന്റെ ഭാര്യയായി അഭിനയിക്കാൻ ആവശ്യപ്പെടേണ്ടി വന്നു. അവള്‍ക്ക് അതില്‍ പ്രശ്നമൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നും, അതിനാല്‍ തല്‍ക്കാലം വേർപിരിഞ്ഞ് മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നതെന്നും സൊസൈറ്റി സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. നുണകള്‍ വലിയ നഗരങ്ങളില്‍ ജീവൻ രക്ഷിക്കും” മറ്റൊരാള്‍ കുറിച്ചു.’നിങ്ങള്‍ വീടൊഴിയരുത്. നിയമപരമായി ഇതിനെതിരെ പ്രതിരോധിക്കുക; വേണമെങ്കില്‍ ഞാൻ സൗജന്യമായി സഹായിക്കാം.
വാടകക്കരാർ നിങ്ങളും ഉടമയും തമ്മിലാണ്; ഉടമയ്ക്ക് നി താമസിക്കുന്നതില്‍ പ്രശ്നമില്ലെങ്കില്‍ അസോസിയേഷന് ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് ഒരാള്‍ നിർദ്ദേശിച്ചു.’ബെംഗളൂരുവിലെ വീട്ടുടമകള്‍ കാരണമാണ് എനിക്ക് വിവാഹം കഴിക്കാൻ തോന്നുന്നത്’ എന്ന് മറ്റൊരു വ്യക്തി തമാശരൂപേണ പറഞ്ഞു.അതേസമയം, മറ്റൊരു കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട് ഒരാള്‍ എഴുതിയത് ഇങ്ങനെയാണ്: ‘ബാച്ചിലർമാരെ അനുവദിക്കുന്ന ഒരു സൊസൈറ്റിലാണ് ഞാൻ താമസിക്കുന്നത്. അവർ എപ്പോഴും പുകവലിക്കുകയും സുഹൃത്തുക്കളെ വരുത്തുകയും മറ്റും ചെയ്യുന്നു… ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്തം അവർക്ക് മനസ്സിലാകുന്നില്ല’ബാച്ചിലർമാർ ഫ്ലാറ്റില്‍ താമസിക്കുന്നതല്ല പ്രശ്നം, മറിച്ച് ഭൂരിഭാഗം ബാച്ചിലർമാരും തങ്ങളുടെ സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ നടത്തുന്ന അലമ്പുകളാണ് യഥാർത്ഥ പ്രശ്നമെന്നു എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.