ബെംഗളൂരു: കോടികളുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രമുഖ കന്നഡ നടി രാന്യ റാവുവിന് 89 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ് വകുപ്പ് ഉത്തരവിട്ടു.ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തിയ കേസില്‍ നടിയും കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് ജോയിന്റ് ഡയറക്ടര്‍ സന്ദീപ് 399 പേജുള്ള ശിക്ഷാവിധി പുറപ്പെടുവിച്ചത്.കേസില്‍ ഉള്‍പ്പെട്ട രാന്യ റാവു, തരുണ്‍ കൊണ്ടൂരു രാജു, സാഹില്‍ ജെയിന്, ഭരത് കുമാര്‍ ജെയിന് എന്നിവരില്‍ നിന്നായി ആകെ 244 കോടിയിലധികം രൂപയാണ് കസ്റ്റംസ് പിഴയായി ഈടാക്കുക. സാഹില്‍ ജെയിന്, ഭരത് കുമാര്‍ എന്നിവര്‍ക്ക് 53.06 കോടി രൂപ വീതവും തരുണ്‍ രാജുവിന് 49.51 കോടി രൂപയുമാണ് പിഴ ചുമത്തിയത്.
2025 മാര്‍ച്ച് മൂന്നിന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് നടിയെ 12.56 കോടി രൂപ വിലമതിക്കുന്ന 14.213 കിലോഗ്രാം വിദേശ സ്വര്‍ണ്ണവുമായി കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാന്യയുടെ വസതിയില്‍ നിന്ന് 2.67 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണവും 2.06 കോടിയുടെ സ്വര്‍ണാഭരണങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.തുടര്‍ന്ന് നടന്ന വിപുലമായ അന്വേഷണത്തില്‍, 2024 മാര്‍ച്ച് നും 2025 ഫെബ്രുവരിക്കുമിടയില്‍ മാത്രം ഇവര്‍ 113 കിലോഗ്രാമോളം സ്വര്‍ണം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതായി കണ്ടെത്തി. സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമ പ്രകാരം തടങ്കലിലായിരുന്ന രാന്യ, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2026 ഏപ്രിലിലാണ് പുറത്തിറങ്ങിയത്.