Home കർണാടക ബെംഗളൂരു ബിസിനസ് കോറിഡോര്‍ ഭൂമി ഏറ്റെടുക്കല്‍; കര്‍ഷകരും ഭൂവുടമകളും ആശങ്കയുമായി രംഗത്ത്

ബെംഗളൂരു ബിസിനസ് കോറിഡോര്‍ ഭൂമി ഏറ്റെടുക്കല്‍; കര്‍ഷകരും ഭൂവുടമകളും ആശങ്കയുമായി രംഗത്ത്

ബെംഗളൂരു: നഗരവാസികള്‍ കാത്തിരിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരും ഭൂവുടമകളും ആശങ്കയുമായി രംഗത്ത്.റോഡ് നിർമാണത്തിന് മാത്രമല്ല, വാണിജ്യ വികസനത്തിനും പദ്ധതിക്കായി എടുത്ത വായ്‌പ തിരിച്ചടയ്ക്കുന്നതിനുമായി കർഷകരുടെ ഭൂമി ഉപയോഗിക്കുന്നുവെന്നാണ് പ്രോജക്റ്റ് റിംഗ് റോഡ് കർഷക, ഭൂവുടമ സംഘടനയുടെ ആരോപണം.വിഷയത്തില്‍ കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി ഇടപെടണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ കുമാരസ്വാമിക്ക് നല്‍കിയ കത്തിലാണ് സംഘടന ബെംഗളൂരു വികസന അതോറിറ്റിയുടെ രേഖകളെ അടിസ്ഥാനമാക്കി അവർ ആരോപണങ്ങള്‍ ഉന്നയിച്ചത്. നിർദ്ദിഷ്‌ട ബിസിനസ് കോറിഡോറിന് ആദ്യം 100 മീറ്റർ വീതിയുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് 65 മീറ്ററായി കുറയ്ക്കുകയും ശേഷിക്കുന്ന 35 മീറ്റർ ഭാഗം ഏകദേശം 44 കിലോമീറ്റർ ദൂരത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വികസിപ്പിക്കാനുമാണ് നീക്കമെന്നാണ് സംഘടന പറയുന്നത്.2025 ഒക്ടോബർ ആറിന് ബെംഗളൂരു വികസന അതോറിറ്റി നല്‍കിയ കത്തില്‍ പദ്ധതിയുടെ അധ്യക്ഷൻ എല്‍കെ അതീഖ് മുന്നോട്ടുവച്ച നിർദേശങ്ങള്‍ പരാമർശിക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു. പദ്ധതിക്കായി എടുത്ത വായ്‌പ തിരിച്ചടയ്ക്കുന്നതിന് ഭൂമിയുടെ മൂല്യവർധനയില്‍ നിന്നുള്ള വരുമാനവും ഗതാഗതകേന്ദ്രിത വികസനവും ഉപയോഗിക്കാനുള്ള നിർദേശങ്ങളാണ് രേഖയിലുള്ളതെന്നാണ് സംഘടനയുടെ വാദം.

റോഡിന്റെ പ്രധാന ജംഗ്ഷനുകളില്‍ 50 മുതല്‍ 100 ഏക്കർ വരെ അധിക ഭൂമി ഏറ്റെടുക്കാനും നിർദേശമുണ്ടായിരുന്നുവെന്ന് സംഘടന ആരോപിച്ചു. കർഷകർക്ക് നഷ്‌ടപരിഹാരം നല്‍കിയ ശേഷം ഈ ഭൂമി വികസിപ്പിച്ച്‌ പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, വിവരസാങ്കേതിക പാർക്കുകള്‍ തുടങ്ങിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി ലേലം ചെയ്യാനാണ് പദ്ധതിയെന്നും സംഘടന പറയുന്നു.2025 ഒക്ടോബർ 16ന് മന്ത്രിസഭ ഈ നിർദേശത്തിന് അംഗീകാരം നല്‍കിയെന്നും തൊട്ടടുത്ത ദിവസം സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെന്നും സംഘടന ചൂണ്ടിക്കാട്ടി.

മാസ്‌റ്റർ പ്ലാനില്‍ 65 മീറ്റർ വീതിയുള്ള റോഡിനും 35 മീറ്റർ വീതിയുള്ള വാണിജ്യ മേഖലയ്ക്കും അംഗീകാരം നല്‍കിയതിനൊപ്പം മെച്ചപ്പെടുത്തല്‍ നികുതി സംബന്ധിച്ച വ്യവസ്ഥകളും ഉള്‍പ്പെടുത്തിയതായാണ് സംഘടനയുടെ ആരോപണം.കർഷകരില്‍ നിന്ന് നിർബന്ധിതമായി ഏറ്റെടുക്കുന്ന ഭൂമി പിന്നീട് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗമായി ഉപയോഗിക്കുന്ന രീതിയാണിതെന്ന് സംഘടന ആരോപിച്ചു. റോഡ് നിർമാണത്തിനായി നിർബന്ധിത ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നത് ഒരു കാര്യമാണ്. എന്നാല്‍ അതേ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന ചോദ്യവും സംഘടന ഉയർത്തി.

ഏകദേശം 27,000 കോടി രൂപയുടെ പദ്ധതിക്കായി എടുക്കുന്ന വായ്‌പയെയും സംഘടന ചോദ്യം ചെയ്‌തു.വായ്‌പയ്ക്ക് സംസ്ഥാന സർക്കാർ ഗ്യാരന്റി നല്‍കുകയും പലിശയുടെ ബാധ്യത ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ തിരിച്ചടവ് ഭൂമി ലേലം, നികുതികള്‍, സെസ് തുടങ്ങിയ വരുമാന മാർഗങ്ങളെ ആശ്രയിച്ചായിരിക്കുമെന്നാണ് സംഘടന പറയുന്നത്. പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും ഭൂമി ഏറ്റെടുക്കലിന്റെ ലക്ഷ്യവും സംബന്ധിച്ച്‌ വ്യക്തത വേണമെന്നാണ് കർഷകരുടെയും ഭൂവുടമകളുടെയും ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group