ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള പദ്ധതികളിലൊന്നായ എലിവേറ്റഡ് ഫ്ലൈഓവർ പദ്ധതി നിയമക്കുരുക്കിലേക്ക്.എസ് വി റോഡ് മെട്രോ സ്റ്റേഷനെയും സില്‍ക്ക് ബോർഡ് ജങ്ഷനെയും ബന്ധിപ്പിക്കുന്ന 11.62 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഫ്ലൈഓവർ പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിനും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കും (ജിബിഎ) കർണാടക ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു.പദ്ധതി പരിസ്ഥിതി നാശത്തിന് കാരണമാകുമെന്നും തങ്ങളുടെ ജീവിതനിലവാരത്തെ ദീർഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കുമെന്നും ആരോപിച്ച് റസിഡന്റ്സ് അസോസിയേഷനുകള്‍ കോടതിയെ സമീപിച്ചതോടെയാണ് സർക്കാരിനും ജിബിഎയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചത്.
മാഡിവാള, കോരമംഗല, ഡോംലൂർ, ഇന്ദിരാനഗർ തുടങ്ങിയ പ്രധാന വാണിജ്യ- താമസ മേഖലകളിലൂടെ കടന്നുപോയി ഓള്‍ഡ് മദ്രാസ് റോഡില്‍ എത്തുന്ന എലിവേറ്റഡ് ഫ്ലൈഓവർ തെക്കൻ ബെംഗളൂരുവിനെയും കിഴക്കൻ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വൻ പദ്ധതിയാണ്.ഫ്ലൈഓവർ പദ്ധതിക്ക് ആർട്ടിക്കിള്‍ 243ZE പ്രകാരം വിഭാവനം ചെയ്തിട്ടുള്ള മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം നിർബന്ധമായും ആവശ്യമാണെന്നാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് ഭാസ്കർ വ്യക്തമാക്കി. മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ വികസനത്തിനായുള്ള കരട് പദ്ധതി തയ്യാറാക്കുന്നതിനായി അവിടെ ഒരു മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആർട്ടിക്കിള്‍ 243ZE അനുശാസിക്കുന്നുണ്ട്.1,300 കോടി രൂപ ചെലവില്‍ ഫ്ലൈഓവർ നിർമിക്കുന്നതിനായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പുറപ്പെടുവിച്ച ടെൻഡർ റദ്ദാക്കണമെന്നും ഇടക്കാലാശ്വാസമെന്ന നിലയില്‍ ടെൻഡർ നടപടികളോ അതുമായി ബന്ധപ്പെട്ട വർക്ക് ഓർഡറുകളോ കരാറുകളോ തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ജിബിഎയുടെ പക്കല്‍ കൃത്യമായ പദ്ധതിയോ പ്രവർത്തനക്ഷമമായ മെട്രോപൊളിറ്റൻ അതോറിറ്റിയോ ഇല്ലെന്ന് ഹർജിക്കാർ വാദിച്ചു. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പ്രകാരം വർക്ക് ഓർഡർ നല്‍കി 24 മാസത്തിനുള്ളില്‍ കരാറുകാരൻ പണി പൂർത്തിയാക്കാനാണ് സാധ്യത.എന്നാല്‍ ബെംഗളൂരുവില്‍ എലിവേറ്റഡ് കോറിഡോർ പദ്ധതികള്‍ കൃത്യസമയത്ത് പൂർത്തിയായതിന് ഉദാഹരണങ്ങളില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. ബെംഗളൂരുവിന്റെ സമഗ്ര ഗതാഗത പദ്ധതിയുടെ (CMP2020) ഭാഗമായോ സർക്കാർ അംഗീകരിച്ച 11 ഫ്ലൈഓവറുകളുടെ പട്ടികയിലോ ഈ ഇടനാഴി ഉള്‍പ്പെട്ടിട്ടില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം, കോണ്‍ഗ്രസ് സർക്കാർ ആസൂത്രണം ചെയ്യുന്ന ടണല്‍ റോഡ് പദ്ധതികള്‍ക്കെതിരായ പൊതുതാല്‍പ്പര്യ ഹർജിയും (PIL) ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.