ബെംഗളൂരു: വന്ദേമാതരം വിവാദത്തില്‍ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ തവർചന്ദ് ഗെഹ്‍ലോട്ട്. വന്ദേമാതരം രണ്ട് സ്റ്റാൻസ് ആലപിച്ചാല്‍ മതിയെന്ന ഉത്തരവ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കത്ത്.സെപ്തംബർ 8 ലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ഗവർണർ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സർക്കാർ തീരുമാനം കേന്ദ്ര മാർഗനിർദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും വന്ദേമാതരം ആലാപനത്തിന് കേന്ദ്രം പ്രോട്ടോകോള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഗവർണർ കത്തില്‍ വിശദമാക്കിയിട്ടുണ്ട്.അതില്‍ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകള്‍ക്ക് അവകാശമില്ല. വന്ദേമാതരം വെട്ടിച്ചുരുക്കുന്നത് നിയമവിരുദ്ധമാണെന്നും പാർലമെന്റ് പാസാക്കിയ നിയമപ്രകാരം വന്ദേമാതരത്തിന് നിയമപരമായ പരിരക്ഷയുണ്ടെന്നുമാണ് ഗവർണർ കത്തില്‍ വിശദമാക്കുന്നത്.
അനാവശ്യമായ തർക്കങ്ങളും ഭരണഘടനാപരമായ നിയമപ്രശ്നങ്ങളും ഒഴിവാക്കുന്നതിനായാണ് ഗവർണർ കത്തിലൂടെ നിർദ്ദേശം നല്‍കിയിരിക്കുന്നത്. വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സെപ്റ്റംബർ എട്ടിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കത്തില്‍ ഗവർണർ ചൂണ്ടിക്കാട്ടി.കേന്ദ്ര നിയമങ്ങള്‍ക്കും മാർഗ്ഗനിർദ്ദേശങ്ങള്‍ക്കും അനുസൃതമായി വേണം സംസ്ഥാന സർക്കാരിന്റെ എല്ലാ നടപടികളും മുന്നോട്ട് പോകാനെന്ന് ഭരണഘടനയുടെ 162, 256, 257(1) വകുപ്പുകള്‍ ഉദ്ധരിച്ച് ഗവർണർ വ്യക്തമാക്കി. ഗവർണറുടെ കത്തിന്റെ പകർപ്പുകള്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിപിഎആർ സെക്രട്ടറി എന്നിവർക്കും അയച്ചിട്ടുണ്ട്.