ദില്ലി: നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയില്‍ വിഷമദ്യം കഴിച്ചതിനെ തുടർന്ന് 9 പേർ മരിച്ച സംഭവത്തില്‍ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു.ടുഎൻസാങ്ങിലെ സിവില്‍ ആശുപത്രിയിലാണ് മരണങ്ങള് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡയറക്ടർ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.മോണ്‍, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് എന്നീ ജില്ലകളിലുള്ളവർ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന മുന്നറിയിപ്പ് നല്കി.

സ്ഥിതിഗതികള്‍ വ്യക്തമാകുന്നതുവരെ മറ്റ് ജില്ലകളിലുള്ളവരും മദ്യപാനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഡിമാപൂർ, കൊഹിമ തുടങ്ങിയ നഗരങ്ങളില്‍ കൂള്‍ ഡ്രിങ്ക്സ്, പാൻ ഷോപ്പുകളുടെ മറവില്‍ നിയമവിരുദ്ധമായി മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന് നിയമസഭയില്‍ എക്സൈസ് അഡ്വൈസർ വ്യക്തമാക്കിയിരുന്നു.ഗുണനിലവാര പരിശോധനയില്ലാത്തതിനാല്‍ വ്യാജവും മായം കലർന്നതുമായ മദ്യം വിപണിയില്‍ ധാരാളമായി എത്തുകയും ഇത് ചെറുപ്പക്കാരുടെ അകാല മരണത്തിന് കാരണമാവുകയും ചെയ്യുന്നു.