ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും കോഴിക്കടകള്‍ പ്രവർത്തിക്കില്ല. ചിക്കൻ കടകളില്‍ നിന്ന് കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ മാലിന്യ സംസ്‌കരണ ഫീസ് ഈടാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നത്.നഗരത്തിലെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതലയുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ലിമിറ്റഡിനെതിരെയും കോർപ്പറേഷനെതിരെയും ആണ് കർണാടക പൗള്‍ട്രി ട്രേഡേഴ്സ് അസോസിയേഷന്‍റെ സമര പ്രഖ്യാപനം.ബെംഗളൂരു നഗരത്തില്‍ ആകെ പ്രവർത്തിക്കുന്നത് ആറായിരത്തിലേറെ ചിക്കൻ ഷോപ്പുകളാണ്. ഇവയിലെല്ലാമായി പ്രതിദിനം വില്‍ക്കപ്പെടുന്നത് 7 ലക്ഷത്തിലധികം കിലോ ചിക്കൻ. ഓരോ ദിവസവും പുറന്തള്ളപ്പെടുന്നത് രണ്ട് മുതല്‍ മൂന്ന് ലക്ഷം കിലോ വരെ മാലിന്യം.

ഏതൊരു നഗരത്തെയും സംബന്ധിച്ച് വലിയ കണക്കുകളാണ് ഇതെല്ലാമെങ്കില്‍ ബെംഗളൂരുവില്‍ ഈ കണക്കുകള്‍ രണ്ട് ചേരികളിലാക്കി മാറ്റിയിരിക്കുകയാണ് കർണാടക പൗള്‍ട്രി ട്രേഡേഴ്സ് അസോസിയേഷനെയും ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് എന്ന ബിഎസ്ഡബ്ല്യുഎംഎല്ലിനെയും.നിലവില്‍ കോഴിക്കടകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ബിഎസ്‍ഡബ്ല്യുഎംഎല്‍, ഇത് തുടരാൻ പണം ആവശ്യപ്പെട്ടതാണ് കർണാടക പൗള്‍ട്രി ട്രേഡേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. മാലിന്യത്തിന് ഒരു കിലോയ്ക്ക് 5 രൂപ നല്‍കണമെന്നാണ് നിർദേശം. കണക്കുകള്‍ നോക്കിയാല്‍, 30 കിലോ കോഴി വേസ്റ്റ് സൃഷ്ടിക്കപ്പെടുന്ന ഒരു കടയുടെ ഉടമ ബിഎസ്‍ഡബ്ല്യുഎംഎല്ലിന് ദിവസം 150 രൂപ കൈമാറണം. മാസം 4500 രൂപ. നഗരത്തില്‍ ആകെയുള്ളത് 6000 കടകള്‍ ആണെന്ന് വച്ചാല്‍ തന്നെ പ്രതിദിനം കോർപ്പറേഷന്റെ വരുമാനം 9 ലക്ഷം രൂപ. മാസം 27 ലക്ഷം.
ഇത് അനുവദിക്കാനാകില്ലെന്നാണ് കോഴിക്കർഷകരുടെ നിലപാട്.കോഴി മാലിന്യത്തിന് വാണിജ്യ മൂല്യമുണ്ടെന്നും അത് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കർണാടക പൗള്‍ട്രി ട്രേഡേഴ്സ് അസോസിയേഷൻ പണപ്പിരിവിനെ എതിർക്കുന്നത്. അതുകൊണ്ടുതന്നെ ഫീസ് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വ്യാപാരികള്‍. രണ്ട് ദിവസത്തെ കടയടപ്പിലൂടെ പ്രതിഷേധം ശക്തമായി അറിയിക്കാൻ വ്യാപാരികള്‍ തുനിയുമ്പോള്‍, കോഴിയിറച്ചി വില്‍പ്പനയിലൂടെ കോടികളുടെ വ്യാപാരം നടക്കുന്ന നഗരത്തില്‍ ഇന്നും നാളെയും ചിക്കൻ 65ഉം കബാബുംചിക്കൻ ബിരിയാണിയും കിട്ടാൻ പാടുപെടേണ്ടി വരുമെന്ന് ഉറപ്പ്.