പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) അറസ്റ്റിലായ സംഭവത്തില്‍ തട്ടിപ്പിൻ്റെ വ്യാപ്തി കൂടുന്നു.തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ് പിടിയിലായത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പുതിയ വിവരം. കോന്നി അരുവാപ്പുലം പഞ്ചായത്തിലും റാണി ലക്ഷ്മി തിരിമറി നടത്തിയതിന്റെ വിവരങ്ങള്‍ പൊലീസിന് കിട്ടി. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളില്‍ നടന്നത് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പാണ്.

റാണി ലക്ഷ്മി ഭർത്താവിന് ഓണസമ്മാനം നല്‍കിയത് ടോറസ് ലോറി ആയിരുന്നു. തട്ടിപ്പ് പണം ഇതിനായി ഉയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി.തണ്ണിത്തോട് പഞ്ചായത്തില്‍ നടന്ന ഫണ്ട് തട്ടിപ്പില്‍ പഞ്ചായത്ത് സെക്രട്ടറി നല്കിയ പരാതിയിലാണ് റാണി ലക്ഷ്മിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. എന്നാല്‍ റാണി ലക്ഷ്മി കൂടുതല്‍ പണം തട്ടിയത് സീതത്തോട് പഞ്ചായത്തില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. 51 ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. റാണി ലക്ഷ്മി ആദ്യം ജോലി ചെയ്തത് കോന്നി അരുവാപ്പുലം പഞ്ചായത്തിലാണ്. ഇവിടെവെച്ചാണ് തട്ടിപ്പിൻ്റെ തുടക്കമെന്നാണ് പൊലീസും തദ്ദേശ വകുപ്പും കരുതുന്നത്.