തിരുവല്ല: റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട ഗോതമ്പുമായി ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് വഴിനീളെ ഗോതമ്പ് ചാക്കുകള്‍ തെറിച്ചുവീണു.പിന്നാലെ വാഹനങ്ങളും കാല്‍നടയാത്രക്കാരും എത്തിയിരുന്ന സമയത്താണ് സംഭവം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുന്നന്താനം കിൻഫ്രാ പാർക്കിലെ ഗോഡൗണിലേക്ക് ഗോതമ്പ് കൊണ്ടുപോകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം.തിരുവല്ല -മല്ലപ്പള്ളി റോഡില്‍ കുറ്റപ്പുഴ ഭാഗം പിന്നിട്ടതോടെ ലോറിയില്‍ കെട്ടിയിരുന്ന കയർ അഴിഞ്ഞതിനെ തുടർന്ന് ചാക്കുകള്‍ ഓരോന്നായി റോഡിലേക്ക് വീഴുകയായിരുന്നു. ഗോതമ്പ് ചാക്കുകള്‍ റോഡില്‍ വീഴുന്നത് ശ്രദ്ധയില്‍പ്പെടാതെ ലോറി മുന്നോട്ടുപോയി.

ഇതിനിടെ പിന്നാലെ വാഹനങ്ങളും വഴിയാത്രക്കാരും എത്തിയെങ്കിലും ഭാഗ്യവശാല്‍ ആർക്കും അപകടമുണ്ടായില്ല. മാടമുക്ക് ഭാഗത്തെ കടയിലിരുന്ന സ്ത്രീകള്‍ ലോറി ഡ്രൈവറെ കൈകാണിച്ച് നിറുത്തി വിവരം അറിയിച്ചതോടെയാണ് ലോറിയില്‍ നിന്ന് ഗോതമ്പ് ചാക്കുകള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. മദ്ധ്യപ്രദേശില്‍ നിന്നെത്തിച്ച ഗോതമ്പിന്റെ ചില ചാക്കുകള്‍ പൊട്ടി ഗോതമ്പ് റോഡില്‍വീണു. തുടർന്ന് മറ്റൊരു വാഹനം എത്തിച്ച് റോഡില്‍ വീണുകിടന്ന ചാക്കുകള്‍ ശേഖരിച്ച് ഗോഡൗണിലേക്ക് കൊണ്ടുപോയി. ചാക്കുകള്‍ റോഡില്‍ വീണതിനെ തുടർന്ന് തിരുവല്ല – മല്ലപ്പള്ളി റോഡില്‍ ഒരുമണിക്കൂറിലേറെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.