ചെന്നൈ: ചെന്നൈ-തമിഴ്നാട് എക്സ്പ്രസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്കേസിനുള്ളിലെ മൃതദേഹം ഒഡീഷ സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞു.സംഭവത്തില്‍ കൊലപാതകം നടന്ന വീടും പ്രതികളുടെ വിവരങ്ങളും തമിഴ്നാട് പോലീസ് കണ്ടെത്തുകയും ചെയ്തു.ആഗസ്റ്റ് 5-നാണ് ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ചുവന്ന സ്യൂട്ട്കേസ് റെയില്‍വേ പോലീസ് പരിശോധിക്കുന്നത്. തുടർന്ന് ആഗ്ര പോലീസും ഗവണ്മെന്റ് റെയില്‍വേ പോലീസും നടത്തിയ സംയുക്ത അന്വേഷണത്തില്‍ സ്യൂട്ട്കേസ് ചെന്നൈയില്‍ നിന്നാണ് ട്രെയിനില്‍ കയറ്റിയതെന്ന് സ്ഥിരീകരിച്ചു.
ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും 350-ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരു പുരുഷനും സ്ത്രീയും ചേർന്ന് സ്യൂട്ട്കേസ് ട്രെയിനില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഗുഡുവഞ്ചേരിയിലെ മോസ്ക് സ്ട്രീറ്റിലുള്ള ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇവിടെ വച്ചാണ് കൊലപാതകം നടന്നതെന്നും, തമ്പാരം ഭാഗത്ത് എക്സ്പോർട്ട് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിനി ഹയാത് നിഷയാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ തമ്പാരത്ത് ഏസി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.
ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് തെളിവുകള്‍ നശിപ്പിക്കാൻ പ്രതികള്‍ അതിക്രൂരമായ ശ്രമങ്ങളാണ് നടത്തിയതെന്ന് ഗുഡുവഞ്ചേരി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശരീരഭാഗങ്ങള്‍ മാവ്, പച്ചക്കറികള്‍ എന്നിവ ചേർത്ത് ബിരിയാണി ചെമ്പിലിട്ട് വേവിച്ച് നശിപ്പിക്കാൻ ശ്രമിച്ചതായും, തലയോട്ടി ഉള്‍പ്പെടെയുള്ള ബാക്കി അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഹയാത് നിഷയുടെ മകനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പണത്തിനും ആഭരണങ്ങള്‍ക്കും വേണ്ടിയാണോ കൊലപാതകം നടത്തിയത് എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.