ബെംഗളൂരുവിലെ വിദ്യാരണ്യപുരയില്‍ സ്പായില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് ഒരു ലക്ഷം രൂപ കവർന്നു.നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.പണം നല്കിയില്ലെങ്കില്സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. സംഭവത്തില്‍ കേസെടുത്ത് പൊലീസ്.വിദ്യാരണ്യപുര മെയിൻ റോഡില്‍ പ്രവർത്തിക്കുന്ന ‘മൈ സലൂണ്‍ ആൻഡ് സ്പാ’ എന്ന സ്ഥാപനത്തിലാണ് നാല് സ്ത്രീകളും രണ്ട് യുവാക്കളുമടങ്ങുന്ന സംഘം അഴിഞ്ഞാടിയത്.
സ്ഥാപനത്തില്‍ അനാശാസ്യ പ്രവർത്തനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമികളുടെ താണ്ഡവം. സ്ഥാപനത്തിലേക്ക് ഇരച്ചുകയറിയ വനിതകള്‍ ഉള്‍പ്പെട്ട സംഘം ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ജീവനക്കാരെ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ബ്ലാക്ക്മെയിലിങ്. ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ സ്പായ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോകള്‍ പ്രചരിപ്പിച്ച് സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി.
ഒത്തുതീർപ്പിനായി സംഘം ആദ്യം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപയാണ്. എന്നാല്‍ അത്രയും വലിയ തുക നല്‍കാനാവില്ലെന്ന് ഉടമ നയന വ്യക്തമാക്കിയതോടെ ഭീഷണി ഒന്നര ലക്ഷത്തിലേക്ക് ചുരുങ്ങി.ജീവഭയം ഭയന്ന് കയ്യിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ നയന സംഘത്തിന് കൈമാറുകയായിരുന്നു. ബാക്കി അൻപതിനായിരം രൂപ ഉടൻ നല്‍കണമെന്ന് താക്കീത് നല്‍കിയാണ് അക്രമി സംഘം സ്ഥലംവിട്ടത്. സംഭവത്തില്‍ ഉടമ നയന നല്കിയ പരാതിയില്‍ വിദ്യാരണ്യപുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അക്രമത്തിന്റെ പൂർണ ദൃശ്യങ്ങള്‍ സ്പായിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പണം തട്ടിയ സംഘത്തെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്.