ബെംഗളൂരു: നഗരത്തിലെ പ്രധാന ആകർഷണമായിരുന്ന ഹെലിടാക്‌സി സർവീസ് ഉടൻ വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്നു. തുമ്പി ഏവിയേഷൻ ആണ് പുതിയ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്.സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഐടിസി ഗാർഡീനിയ ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയ ഹെലിപാഡില്‍ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.ഇലക്‌ട്രോണിക്‌സ് സിറ്റി, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളിലെ ഹോട്ടല്‍ അധികൃതരുമായും കമ്പനി ചർച്ച നടത്തുന്നുണ്ട്. ബെംഗളൂരുവില്‍ ആകെ നാല് മുതല്‍ അഞ്ച് വരെ മേല്‍ക്കൂര ഹെലിപാഡുകള്‍ പ്രവർത്തിപ്പിക്കാനാണ് പദ്ധതി. ആവശ്യമായ എല്ലാ അനുമതികളും വ്യോമയാന ഡയറക്‌ടറേറ്റ് ജനറലിന്റെ അനുമതിയും ലഭിച്ചുകഴിഞ്ഞതായി തുമ്പി ഏവിയേഷൻ സ്ഥാപകനും ചെയർമാനുമായ കെഎൻജി നായരെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഐടിസി ഗാർഡീനിയയിലെ ഹെലിപാഡ് ഉടൻ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇവിടെ ആവശ്യമായ ക്രമീകരണങ്ങള്‍ പൂർത്തിയായതിനാല്‍ ഉടൻ തന്നെ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. മറ്റ് സ്ഥലങ്ങളില്‍ തീപിടിത്തം തടയാനുള്ള സംവിധാനങ്ങളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന് ഏകദേശം ഒരു മാസം വരെ സമയം വേണ്ടിവരും.പുതിയ ഹെലിടാക്‌സി സർവീസ് ഹോട്ടലില്‍ താമസിക്കുന്നവർക്ക് മാത്രമല്ല, പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാകും. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരുക്കിയിരിക്കുന്ന ഒരു ഗ്രൗണ്ട് ഹെലിപോർട്ടില്‍ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള സ്വകാര്യ സ്ഥലത്താണ് ഈ ഹെലിപാഡ് നിർമ്മിച്ചിരിക്കുന്നത്.ഈ ഹെലിപോർട്ടില്‍ നിന്ന് നഗരത്തിലെ വിവിധ ഹെലിപാഡുകളിലേക്ക് യാത്രക്കാരെ എത്തിക്കാനാണ് പദ്ധതി. തുമ്പി ഏവിയേഷൻ 2018-ലാണ് ബെംഗളൂരുവില്‍ ആദ്യമായി ഹെലിടാക്‌സി സർവീസ് ആരംഭിച്ചത്.
അന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇലക്‌ട്രോണിക്‌സ് സിറ്റിക്കും ഇടയിലായിരുന്നു സർവീസ്. ആറ് പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് അന്ന് ഉപയോഗിച്ചിരുന്നത്.എന്നാല്‍ 2022-ല്‍ വിമാനത്താവളത്തിലെ രണ്ടാമത്തെ റണ്‍വേ പ്രവർത്തനം ആരംഭിച്ചതോടെ സർവീസ് നിർത്തേണ്ടിവന്നു. കമ്പനിയുടെ ഹെലിപാഡ് രണ്ട് റണ്‍വേകള്‍ക്കിടയിലായിരുന്നതിനാല്‍ റണ്‍വേ കടന്ന് ഹെലികോപ്റ്റർ പറത്താൻ സാധിച്ചിരുന്നില്ല. പുതിയ സർവീസിനായി എയർബസ് എച്ച്125, എച്ച്130 ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.എച്ച്125 ഹെലികോപ്റ്ററില്‍ ആറ് യാത്രക്കാർക്കും എച്ച്130-ല്‍ ഏഴ് യാത്രക്കാർക്കും യാത്ര ചെയ്യാം. രണ്ട് തരത്തിലുള്ള ഹെലികോപ്റ്ററുകളും ബെംഗളൂരുവില്‍ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ ഹെലിടാക്‌സി സർവീസിന്റെ ടിക്കറ്റ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. നേരത്തെ ഇലക്‌ട്രോണിക്‌സ് സിറ്റിയില്‍ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ വണ്‍വേ യാത്രയ്ക്ക് ഏകദേശം 4160 രൂപ ആയിരുന്നു നിരക്ക്.എന്നാല്‍ പുതിയ സർവീസിന് ഇതിലും കൂടിയ നിരക്കായിരിക്കും പ്രതീക്ഷിക്കുന്നത്. ഇന്ധനവില വർധിച്ചതും അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വിമാനത്താവളത്തിലേക്കും നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്കും വേഗത്തില്‍ യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കുമെങ്കിലും സാധാരണക്കാർക്ക് നിരക്കുകള്‍ താങ്ങാൻ കഴിയുമോ എന്നാണ് പലരും ഉയർത്തുന്ന ചോദ്യം.