ബെംഗളൂരു: മംഗളൂരുവിലെ റെയില്‍പാത സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീർഘനാളത്തെ ആവശ്യം പരിഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കർണാടകയില്‍നിന്നുള്ള റെയില്‍വേ സഹമന്ത്രി വി.സോമണ്ണ. ഈ തീരുമാനം തീരദേശ കർണാടകയുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചുള്ള സുപ്രധാന നടപടിയാണ്. ഇത് മേഖലയിലെ റെയില്‍വേ വികസനത്തിനും പ്രത്യേകിച്ച് മംഗളൂരുവിന്റെ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലെ മംഗളൂരു മുതല്‍ ഉള്ളാള്‍ വരെയുള്ള ഭാഗം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയില്‍വേ ബോർഡ് തീരുമാനമെടുത്തത്.
ഒക്ടോബറില്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് ‘ ഡെക്കാൻ ഹെറാള്‍ഡ് ‘ നല്കിയ റിപ്പോർട്ടിലാണ് ഈ തീരുമാനം കർണാടകയുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണെന്നുള്ള റെയില്‍വേ സഹമന്ത്രിയുടെ പ്രതികരണവുമുള്ളത്.മംഗളൂരു-ഉള്ളാള്‍ പാത മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തെ മംഗളൂരു എംപി ബ്രിജേഷ് ഛൗട്ടയും സ്വാഗതംചെയ്തു. 2024-ല്‍ എംപിയായി അധികാരമേറ്റതിന് പിന്നാലെ താൻ മുൻഗണന നല്കിയ വിഷയങ്ങളിലൊന്നാണ് ഇതെന്നും ഇതോടെ മംഗളൂരുവിലെ റെയില്‍പാതകളെല്ലാം ഒരു കുടക്കീഴിലായെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു മേഖലയുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം കണ്ടിരുന്നു.
മംഗളൂരുവിന്റെ വികസനത്തിന് സഹായകമാകുന്ന തീരുമാനമെടുത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി സോമണ്ണ തുടങ്ങിയവരോട് നന്ദിയുണ്ടെന്നും മംഗളൂരു എംപി കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് ഡിവിഷൻ വെട്ടിമുറിയ്ക്കാനുള്ള റെയില്‍വേ തീരുമാനത്തിനെതിരേ കേരളത്തില്‍ വൻ പ്രതിഷേധമാണുയരുന്നത്. ആരുമായും ആലോചിക്കാതെയാണ് റെയില്‍വേ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ഉള്‍പ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനമെന്നും വി.കെ. ശ്രീകണ്ഠൻ ആരോപിച്ചിരുന്നു. റെയില്‍വേയുടേത് പാലക്കാട് ഡിവിഷനെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് എം.കെ. രാഘവൻ എംപിയും ആരോപിച്ചു.