Home കർണാടക ‘അവരും രാജ്യദ്രോഹികളാണോ?’; വന്ദേമാതരം വിവാദത്തില്‍ ബിജെപിക്കും ആര്‍എസ്‌എസിനും മറുപടിയുമായി പ്രിയങ്ക് ഖാര്‍ഗെ

‘അവരും രാജ്യദ്രോഹികളാണോ?’; വന്ദേമാതരം വിവാദത്തില്‍ ബിജെപിക്കും ആര്‍എസ്‌എസിനും മറുപടിയുമായി പ്രിയങ്ക് ഖാര്‍ഗെ

by ടാർസ്യുസ്

ബെംഗളൂരു: വന്ദേമാതരം ആലാപനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തില്‍ ബിജെപിക്കും ആർഎസ്‌എസിനുമെതിരെ രൂക്ഷ വിമർശനവുമായി കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ.മഹാത്മാഗാന്ധി, ജവഹർലാല്‍ നെഹ്റു, സർദാർ വല്ലഭഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കളും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ് പൊതുവേദികളില്‍ ആലപിക്കേണ്ടതെന്ന് തീരുമാനിച്ചിരുന്നില്ലേയെന്നും, അങ്ങനെയെങ്കില്‍ അവരെയും ഇന്ന് ‘രാജ്യദ്രോഹികള്‍’ എന്ന് വിളിക്കുമോയെന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു.എക്സിലെ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1937ല്‍ ഗാന്ധിജി, പട്ടേല്‍, നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ടാഗോർ എന്നിവർ വന്ദേമാതരത്തിന്റെ ഏതെല്ലാം ഭാഗങ്ങള്‍ പൊതുവേദികളില്‍ ആലപിക്കണമെന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്തിരുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ദേശീയ ഐക്യം നിലനിർത്തുന്നതിനായി ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പൊതുയോഗങ്ങളില്‍ ആലപിക്കാൻ തീരുമാനിച്ച ചരിത്രപരമായ നിലപാടിനെയാണ് കോണ്‍ഗ്രസ് ഇപ്പോഴും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വന്ദേമാതരത്തിന്റെ ‘പൂർണരൂപം’ ആലപിച്ചില്ലെന്ന് ആരോപിച്ച്‌ ബിജെപി വിമർശനം ഉന്നയിച്ചിരുന്നു. ദേശീയഗാനത്തെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് പ്രിയങ്ക് ഖാർഗെ ബിജെപിയുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

വന്ദേമാതരത്തില്‍ ബിജെപിക്കും ആർഎസ്‌എസിനും ഇത്രയധികം താല്‍പര്യമുണ്ടെങ്കില്‍ ആർഎസ്‌എസ് ശാഖകളിലെ പ്രാർഥനയിലും അത് ഉള്‍പ്പെടുത്താൻ തയ്യാറാകണമെന്നാണ് ഖാർഗെയുടെ പരിഹാസം. ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ എന്ന ആർഎസ്‌എസ് പ്രാർഥനയ്ക്ക് പകരം വന്ദേമാതരം ആലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കണമെന്നും ഖാർഗെ വെല്ലുവിളിച്ചു.വന്ദേമാതരം വിവാദം തൊഴിലില്ലായ്മ, വിദ്യാർഥികളെ ബാധിക്കുന്ന പരീക്ഷാ ക്രമക്കേടുകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, പൊതുഫണ്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും ഖാർഗെ ആരോപിച്ചു.

“ഉത്തരവാദിത്തം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഒരു വിവാദം സൃഷ്ടിച്ച്‌ ചർച്ചയുടെ ദിശ മാറ്റുകയാണ് ബിജെപി ചെയ്യുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതിനിടെ, വന്ദേമാതരത്തിന്റെ പൊതുആലാപനം സംബന്ധിച്ച 1937ലെ കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി തീരുമാനവും വീണ്ടും രാഷ്ട്രീയ ചർച്ചയാകുകയാണ്. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം ഉറപ്പാക്കുന്നതിനായി ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പൊതുചടങ്ങുകളില്‍ ആലപിക്കണമെന്നായിരുന്നു അന്നത്തെ തീരുമാനം. ഈ ചരിത്രപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി ഇത്തവണയും പാർട്ടി പരിപാടികളില്‍ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കാൻ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group