ബംഗളൂരു: ബംഗളൂരുവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍.കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്ണു ജയൻ ആണ് പിടിയിലായത്. കോഴിക്കോട് ചേവായൂർ പൊലീസാണ് പ്രതിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കോഴിക്കോട് പയമ്പ്രയിലേക്കാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ശേഷം യുവാവിനെ വിട്ടയക്കണമെങ്കില്‍ എട്ടു ലക്ഷം രൂപ വേണമെന്ന് സംഘം വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു.
കുടുംബം മോചനദ്രവ്യം നല്‍കാൻ തയാറാകാതിരുന്നതോടെ, യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി ബന്ധുക്കള്‍ക്കും വീട്ടുകാർക്കും അയച്ചുകൊടുക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.ഇതിനിടയില്‍ പ്രതികളുടെ കസ്റ്റഡിയില്‍ നിന്ന് തന്ത്രപൂർവം രക്ഷപ്പെട്ട യുവാവ് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചു പേർ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവർ നിലവില്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ ജിഷ്ണുവിനെ ചോദ്യം ചെയ്തുവരികയാണെന്നും ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.