Home കർണാടക കാവേരി തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി: തമിഴ്‌നാടിന് പ്രതിദിനം 12,000 ക്യൂസെക്സ് വെള്ളം നല്‍കാൻ

കാവേരി തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി: തമിഴ്‌നാടിന് പ്രതിദിനം 12,000 ക്യൂസെക്സ് വെള്ളം നല്‍കാൻ

by ടാർസ്യുസ്

ബെംഗളൂരു: കാവേരി നദീജല തർക്കത്തില്‍ കർണാടകയ്ക്ക് വീണ്ടും തിരിച്ചടി. തമിഴ്‌നാടിന് അടുത്ത 15 ദിവസത്തേക്ക് പ്രതിദിനം 12,000 ക്യൂസെക്സ് വീതം വെള്ളം വിട്ടുനല്‍കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ചൊവ്വാഴ്ച കർണാടകയോട് നിർദ്ദേശിച്ചു.ഓഗസ്റ്റ് 12 രാവിലെ 8 മണി മുതല്‍ അന്തർസംസ്ഥാന അതിർത്തിയായ ബിലിഗുണ്ട്ലു ഗേജ് സ്റ്റേഷനിലൂടെ വെള്ളം ഒഴുക്കണം.അസ്ഥിരമായ കാലാവസ്ഥയും എല്‍ നിനോ പ്രതിഭാസത്തിനുള്ള സാധ്യതയും കണക്കിലെടുത്ത് ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചതെന്ന് സമിതി വ്യക്തമാക്കി.

കനത്ത ജലക്ഷാമം നേരിടുകയാണെന്നും കൃഷ്ണരാജ സാഗർ (KRS), കബിനി ഉള്‍പ്പെടെയുള്ള നാല് കാവേരി ജലാശയങ്ങളിലെ നീരൊഴുക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച്‌ 47 ശതമാനം കുറവാണെന്നുമുള്ള കർണാടകത്തിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കമ്മിറ്റിയുടെ പുതിയ ഉത്തരവ്. കുടിവെള്ള ആവശ്യത്തിനും കൃഷിക്കും വെള്ളം സൂക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ പുതിയ നിർദ്ദേശങ്ങള്‍ മണ്‍സൂണ്‍ വ്യക്തമാകുന്നതുവരെ മാറ്റിവയ്ക്കണമെന്നും കർണാടക ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, കർണാടകയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ട ജലവിഹിതത്തില്‍ വലിയ കുറവുണ്ടായെന്നും ഓഗസ്റ്റ് അവസാനത്തോടെ ആകെ 37 ടി.എം.സി വെള്ളം ലഭ്യമാക്കണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യത്തെ തുടർന്നാണ് കമ്മിറ്റിയുടെ നടപടി.

മുൻപ് പ്രതിദിനം 3,500 ക്യൂസെക്സ് വെള്ളം നല്‍കാനായിരുന്നു നിർദ്ദേശമെങ്കില്‍ പുതിയ ഉത്തരവിലൂടെ അത് വലിയ തോതില്‍ വർദ്ധിപ്പിച്ചു. സി.ഡബ്ല്യു.ആർ.സി (CWRC) ഉത്തരവിന് പിന്നാലെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥരുമായി അടിയന്തര വീഡിയോ കോണ്‍ഫറൻസ് നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കർഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും വരും ദിവസങ്ങളില്‍ യോഗങ്ങള്‍ ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വെള്ളം ലഭ്യമായ സാഹചര്യത്തില്‍ അത് പൂർണ്ണമായി തടഞ്ഞുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ മാണ്ഡ്യ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അതീവ ജാഗ്രത പുലർത്താനും ക്രമസമാധാനം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പോലീസിനും ജില്ലാ കളക്ടർമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group