Home കർണാടക ബെംഗളൂരുവില്‍ മൂന്ന് പുതിയ ബൊട്ടാണിക്കല്‍ പാര്‍ക്കുകള്‍ വരും; സ്ഥലങ്ങള്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

ബെംഗളൂരുവില്‍ മൂന്ന് പുതിയ ബൊട്ടാണിക്കല്‍ പാര്‍ക്കുകള്‍ വരും; സ്ഥലങ്ങള്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മൂന്ന് വലിയ ബൊട്ടാണിക്കല്‍ പാർക്കുകള്‍ വികസിപ്പിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി മുഖ്യമന്ത്രി ഡികെ ശിവകുമാർ.ലാല്‍ബാഗ്, കബ്ബണ്‍ പാർക്ക് മാതൃകയിലാകും പാർക്കുകള്‍ വികസിപ്പിക്കുക. നഗരത്തില്‍ ജനസംഖ്യ വർധിക്കുകയും നഗരവല്‍ക്കരണം രൂക്ഷമാവുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ പച്ചപ്പ് നിറഞ്ഞ ഇടങ്ങളും വിനോദ ഇടങ്ങളും ആവശ്യമാണെന്ന് ശിവകുമാർ പറഞ്ഞു.ലാല്‍ബാഗില്‍ നടന്ന സ്വാതന്ത്ര്യദിന പുഷ്പമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ബെംഗളൂരു നഗരത്തില്‍ മൂന്ന് വലിയ ബൊട്ടാണിക്കല്‍ പാർക്കുകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇതിനായുള്ള മൂന്ന് സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു.

പ്രതിരോധ വകുപ്പിന്റെ ഭൂമിയില്‍ ലാല്‍ബാഗ് പോലൊരു ബൊട്ടാണിക്കല്‍ പാർക്ക് നിർമിക്കുന്നതിനുള്ള നിർദേശം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി സമർപ്പിക്കുമെന്ന് ശിവകുമാർ പറഞ്ഞു.നിർദിഷ്ട പാർക്കുകളുടെ ഉടമസ്ഥാവകാശം അതത് വകുപ്പുകള്‍ക്ക് തന്നെയായിരിക്കും. ലാല്‍ബാഗിന്റെയും കബ്ബണ്‍ പാർക്കിന്റെയും മാതൃകയില്‍ പൊതുജനങ്ങള്‍ക്കായുള്ള പച്ചപ്പുള്ള കേന്ദ്രങ്ങളായി ഇവ വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ വനംവകുപ്പുമായി പ്രാഥമിക ചർച്ചകള്‍ നടത്തി. ജിബിഎ, ബിഡിഎ, ഹോർട്ടികള്‍ച്ചർ വകുപ്പ് തുടങ്ങി വിവിധ ഏജൻസികളോട് സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തൻ്റെ ഭരണകാലത്ത് മൂന്നോ നാലോ പാർക്കുകള്‍ നിർമിക്കാൻ പദ്ധതിയിടുന്നുണ്ട്.

പദ്ധതിയുടെ ചട്ടക്കൂട് അന്തിമമാക്കാൻ വിശദമായ യോഗം വിളിച്ചുചേർക്കും. സമാനമായ പദ്ധതിക്കായി വാരണാസി മുനിസിപ്പല്‍ കോർപറേഷൻ 57 ഹെക്ടറിലധികം ഭൂമി പ്രതിരോധ എസ്റ്റേറ്റും റെയില്‍വേയുമായി കൈമാറ്റം ചെയ്യുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 30 ഏക്കർ പാർക്ക് സൃഷ്ടിക്കുന്നതും ഉള്‍പ്പെടുന്നു. ഉപയോഗശൂന്യമായ സർക്കാർ ഭൂമി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് ബെംഗളൂരുവിനും സമാനമായ ഒരു മാതൃക സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.ലാല്‍ബാഗ് വെറുമൊരു പാർക്കല്ല, ചരിത്രമാണെന്നും ഡികെ ശിവകുമാർ പറഞ്ഞു.

കർഷകരെ മനസ്സില്‍ വെച്ചുകൊണ്ടാണ് ഇത്തവണത്തെ പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. ഗംഗമാർ നിർമിച്ച തടാകങ്ങള്‍ ഇപ്പോഴും സജീവമാണ്. ദുഷ്‌കരമായ സമയങ്ങളില്‍ നമ്മെ സംരക്ഷിച്ചു. ഗംഗമാരുടെ ചരിത്രത്തില്‍ തുല്യതയും കർഷകരുടെ ജീവിതവും അവരുടെ പോരാട്ടവുമുണ്ട്.നമ്മുടെ സംസ്കാരത്തിന്റെയും കലയുടെയും കർഷകരുടെ ജീവിതത്തിന്റെയും ആഘോഷമാണിത്. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ പുഷ്പമേള കാണുകയും ആസ്വദിക്കുകയും വേണം. ഈ പ്രദർശനം 10 ദിവസത്തേക്ക് നടക്കും. ലാല്‍ബാഗ് ഹൈദർ അലി സ്ഥാപിച്ചതും ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്തതുമാണ്. ഇപ്പോള്‍ കർണാടക സർക്കാർ അത് തുടരുകയാണെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group