ബംഗളുരു: ബെംഗളൂരുവിലെ കുമ്പളഗോഡില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ബിഹാറിലേക്ക് കടന്ന ഇരുപത്തിനാലുകാരനായ ഭര്‍ത്താവ് ധീരജ് കുമാറിനെ കര്ണാടക പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു.റീല്‍സ് ചിത്രീകരണത്തെച്ചൊല്ലിയുള്ള നിരന്തര തര്‍ക്കവും ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ മാസം 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗേരുപാള്യയിലെ വാടകവീട്ടിനകത്ത് വെച്ച് ഭാര്യ റീമാകുമാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ് ഷീറ്റില്‍ പൊതിഞ്ഞുവെച്ച് ധീരജ് കുമാര്‍ രക്ഷപ്പെടുകയായിരുന്നു.
കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും പത്ത് മാസം മുമ്പാണ് ബിഹാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്. റീമാകുമാരി സോഷ്യല്‍ മീഡിയ റീല്‍സുകള്‍ കാണാനും ചിത്രീകരിക്കാനും കൂടുതല്‍ സമയം നീക്കിവെച്ചിരുന്നത് ഇരുവരും തമ്മില്‍ പതിവായി വഴക്കിന് കാരണമായിരുന്നു. ഇതിനൊപ്പം ബിഹാറിലേക്ക് മടങ്ങിപ്പോകണമെന്ന് റീമ ആവശ്യപ്പെട്ടതും ദാമ്പത്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി.
സംഭവദിവസവും ഇതുമായി ബന്ധപ്പെട്ട് രൂക്ഷമായ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ധീരജ് കുമാര്‍ റീമാകുമാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.കൃത്യത്തിന് ശേഷം ഒളിവിലായ പ്രതി ബിഹാറിലേക്കാണ് കടന്നതെന്ന് ബോധ്യപ്പെട്ടതോടെ കര്‍ണാടക പോലീസ് ഇയാളെ പിന്തുടര്‍ന്നു. ഇതോടെ പ്രതി നക്‌സല്‍ ബാധിത മേഖലയായ കോഥിയയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് ബിഹാര്‍ പോലീസിന്റെ സഹായത്തോടെ സായുധ സേനയുമായി എത്തിയ കര്‍ണാടക പോലീസ് പ്രതിയെ കീഴടക്കി ബെംഗളൂരുവില്‍ എത്തിച്ചു. സംഭവത്തില്‍ കുമ്പളഗോഡ് പോലീസ് അന്വേഷണം തുടരുകയാണ്.