ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേശി പിടിയില്‍.പത്തനംതിട്ട കോഴഞ്ചേരി പെനിയേല്‍ വീട്ടില്‍ വില്യം ജോർജി(53)നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മേട്ടുപ്പാളയത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കേന്ദ്രത്തില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ചിങ്ങവനത്തെ ഒരു പാസ്റ്ററില്‍നിന്ന് മാത്രം ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രതി മേട്ടുപ്പാളയത്തുള്ളതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ചിങ്ങവനം പോലീസ് സംഘം എത്തി ഇയാളെ പിടികൂടുകയുമായിരുന്നു.ചിങ്ങവനം എസ്‌എച്ച്‌ഒ എസ്.പ്രദീപ്, എസ്‌ഐ എം. കൃഷ്ണകുമാർ, സിവില്‍ പോലീസ് ഓഫീസർമാരായ സുമേഷ് കെ.സുധാകരൻ, സാല്‍വിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വിവിധ ജില്ലകളില്‍ സമാനമായ രീതിയിലുള്ള തട്ടിപ്പ് കേസുകള്‍ വില്യം ജോർജിനെതിരേ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിനായി പല പേരുകളില്‍ 14ലധികം സിം കാർഡുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഇയാളുടെ ചതിയില്‍പ്പെട്ട ചിലർ വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വിവരം പുറത്തുവരുമ്പോള്‍ കൂടുതല്‍ പേർ പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്.