ദില്ലി: ദില്ലിയിലെ സമരത്തിൻ്റെ മുഖം മാറുന്നു. ഗാന്ധി സ്മൃതിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നു.പ്രതിപക്ഷ എംപിമാര്‍ക്ക് പിന്തുണയുമായി പ്രവര്‍ത്തകരും എത്തി. നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മാർച്ച്. ഗാന്ധി സ്മൃതിയുടെ ഗേറ്റ് തള്ളിത്തുറന്നുകൊണ്ടാണ് പ്രവര്‍ത്തകര്‍ അകത്തേക്ക് കയറിയത്.പാര്‍ലമെന്‍റിലെ പ്രതിഷേധത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചിരുന്നു. സുനേരി ബാഗിലെ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടന്നത്. യോഗത്തിന് ശേഷം തങ്ങള്‍ ഗാന്ധിസ്മൃതിയിലേക്ക് മാര്‍ച്ച് നടത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകള്‍ പൊലീസ് അടച്ചിരുന്നു. റോഡിന് കുറുകെ ബസും സ്ഥാപിച്ചു കൊണ്ടായിരുന്നു പൊലീസിൻ്റെ നീക്കങ്ങള്‍. സ്ഥലത്ത് കൂടുതല്‍ സുരക്ഷാ സേനയേയും പൊലീസ് വിന്യസിച്ചിരുന്നു. രാഹുലിൻ്റെ വീടിനു സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞുവെങ്കിലും ബാരിക്കേടുകള്‍ മറിച്ചിട്ടുകൊണ്ട് പ്രവർത്തകർ മുന്നോട്ട് കടന്നു.ഗാന്ധിസ്മൃതിയിലേക്ക് രാഹുലും എംപിമാരും സഞ്ചരിക്കുന്ന ബസ് ബാരിക്കേഡ് വെച്ച് പൊലീസ് തടയാൻ ശ്രമിച്ചിരുന്നു. അമിത് ഷായുടെ വീടിന് മുന്നില്‍ വെച്ച് ബസ് തടഞ്ഞു. ബാരിക്കേട് വെച്ചാണ് ബസ് തടഞ്ഞത്.