ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബൃഹത്തായ വികസന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി.വികസനം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ വാർഷിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 5.5 കോടി (55 ദശലക്ഷം) പേരില്‍ നിന്ന് 11.4 കോടി (114 ദശലക്ഷം) പേരായി ഉയരുമെന്നതാണ് പ്രത്യേകത.വിമാനത്താവളം നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡിന്റെ പദ്ധതിപ്രകാരം ദേവനഹള്ളി താലൂക്കിലെ നിലവിലുള്ള 4009 ഏക്കർ വിമാനത്താവള പരിധിക്കുള്ളിലാണ് വികസന പ്രവർത്തനങ്ങള്‍ നടക്കുക. ചരക്ക് കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷിയും 10 ലക്ഷം ടണ്ണില്‍ നിന്ന് 14 ലക്ഷം ടണ്ണായി വർധിപ്പിക്കാൻ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ മെയ് 13-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കിയ അനുമതി പ്രകാരം വിമാനത്താവളത്തിലെ എയർ ട്രാഫിക് മൂവ്മെന്റ് ശേഷി മണിക്കൂറില്‍ 60 വിമാനങ്ങളില്‍ നിന്ന് 90 വിമാനങ്ങളായി ഉയർത്താനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് ക്രോസ്ഫീല്ഡ് ടാക്സിവേകള്‍ നാലായി വികസിപ്പിക്കുകയാണ് ചെയ്യുക.യാത്രാ ടെർമിനലുകളുടെ ആകെ വിസ്തീർണം നിലവിലെ 4.21 ലക്ഷം ചതുരശ്ര മീറ്ററില്‍ നിന്ന് 10 ലക്ഷം ചതുരശ്ര മീറ്ററിലേറെയായി വർധിപ്പിക്കും. ടെർമിനല്‍ 1-ന്റെ വാർഷിക ശേഷി നിലവിലെ 2 കോടിയില്‍ നിന്ന് 3.5 കോടിയായി ഉയർത്തും. ടെർമിനല്‍ 2-ന്റെ രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നതോടെ അതിന്റെ ശേഷി 2.5 കോടിയില്‍ നിന്ന് 4.5 കോടിയായി വർധിക്കും.കൂടാതെ, നിർദേശിച്ചിരിക്കുന്ന ടെർമിനല്‍ 3 പ്രതിവർഷം 2 കോടി യാത്രക്കാരെ കൂടി കൈകാര്യം ചെയ്യാൻ ശേഷിയുള്ളതായിരിക്കും. 2035-ഓടെ വിമാനത്താവളത്തിന്റെ മൊത്തം ശേഷി 10 കോടി യാത്രക്കാരിലേയ്ക്ക് എത്തുമെന്നാണ് ബിഐഎഎല്‍ പ്രതീക്ഷിക്കുന്നത്.
2025-26 സാമ്പത്തിക വർഷത്തില്‍ കെംപെഗൗഡ വിമാനത്താവളം 4.447 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്.വിമാനങ്ങളുടെ അറ്റകുറ്റപ്പണി, പരിപാലനം, ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങള്‍, ഫ്ലൈറ്റ് കിച്ചൻ എന്നിവയുടെ സൗകര്യങ്ങളും വിപുലീകരിക്കും. ‘എയർപോർട്ട് സിറ്റി’ പദ്ധതിയുടെ ഭാഗമായി വാണിജ്യ സമുച്ചയങ്ങള്‍, ബഹുനില പാർക്കിങ്, ഹോട്ടലുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍, കണ്വെൻഷൻ സൗകര്യങ്ങള്‍ എന്നിവയും നിർമ്മിക്കും.അടിസ്ഥാന സൗകര്യങ്ങളിലും വലിയ മാറ്റങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലിനജല ശുദ്ധീകരണ ശേഷി പ്രതിദിനം 1.617 കോടി ലിറ്ററായി ഉയർത്തും. കൂടാതെ 70 കോടി ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണ സംവിധാനവും സ്ഥാപിക്കും. പാരിസ്ഥിതിക അനുമതിയുടെ ഭാഗമായി ഊർജക്ഷമമായ മലിനജല ശുദ്ധീകരണ സംവിധാനം, മഴവെള്ള സംഭരണം വിപുലീകരിക്കല്‍, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ എന്നിങ്ങനെയാണ് മറ്റ് പദ്ധതികള്‍.