ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമേക്കേടുമായി ബന്ധപ്പെട്ട ചലോ സൻസദ് മാർച്ചിനിടെ വിദ്യാർഥികള്‍ക്കെതിരെ പോലീസ് നടത്തിയ നടപടിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ നേട്ടത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്.നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഹാരം കാണുന്നതിനേക്കാള്‍ പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എക്സില്‍ പങ്കുവെച്ച കുറിപ്പില്‍, നീറ്റ് വിഷയത്തില്‍ പാർലമെന്റില്‍ സമഗ്രമായ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ച ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ധർണ നടത്തിയെന്ന് മന്ത്രി ആരോപിച്ചു.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ലജ്ജയില്ലാതെ ഉപയോഗിക്കുകയാണ്. പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തടസം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം; അദ്ദേഹം പറയുന്നു. നീറ്റ് പേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് ധർമ്മേന്ദ്ര പ്രധാന്റെ പ്രതികരണം.പ്രതിഷേധത്തിനിടെ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷാ ചട്ടങ്ങള്‍ അവഗണിക്കുകയും ചെയ്തുവെന്നും ധർമ്മേന്ദ്ര പ്രധാൻ ആരോപിച്ചു. വിഷയം പാർലമെന്റില്‍ ചർച്ച ചെയ്യാൻ സർക്കാർ സമ്മതിച്ചിട്ടും കോണ്‍ഗ്രസ് ജനാധിപത്യപരമായ ചർച്ചയ്ക്ക് പകരം രാഷ്ട്രീയ നാടകമാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യാർഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം. രാഷ്ട്രീയ വാർത്തകള്‍ സൃഷ്ടിക്കാനായിരുന്നു ശ്രമം. സർക്കാർ ചർച്ചയ്ക്കുള്ള എല്ലാ അവസരങ്ങളും ഒരുക്കിയിട്ടും രാഹുല്‍ ഗാന്ധി മനപ്പൂർവം ഏറ്റുമുട്ടല്‍ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്; പ്രധാൻ പറഞ്ഞു. നീറ്റ് പേപ്പർ ചോർച്ചയും വിദ്യാർഥികളുടെ ആശങ്കകളും പാർലമെന്റില്‍ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാറിന് നൂറ് ശതമാനം പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.