Home കർണാടക ബെംഗളൂരു മെട്രോ ഹെബ്ബാള്‍-സര്‍ജാപൂര്‍ ലൈൻ; ആസ്‌തി വികസന പദ്ധതികളില്‍ മാറ്റം, വരുമാനം ഇടിയും..!

ബെംഗളൂരു മെട്രോ ഹെബ്ബാള്‍-സര്‍ജാപൂര്‍ ലൈൻ; ആസ്‌തി വികസന പദ്ധതികളില്‍ മാറ്റം, വരുമാനം ഇടിയും..!

by ടാർസ്യുസ്

ബെംഗളൂരു: ഹെബ്ബാളിനെയും സർജാപുരിനെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്‌ട നമ്മ മെട്രോ റെഡ് ലൈൻ പദ്ധതിയില്‍ കൂടുതല്‍ ആസ്‌തി വികസനത്തിനായി നീക്കിവെച്ചിരിക്കുന്ന ഭൂമിയുടെ അളവ് ഗണ്യമായി കുറച്ചു.ഇതോടെ ടിക്കറ്റ് വരുമാനത്തിന് പുറത്തുള്ള വരുമാന സാധ്യതയും കുറയുമെന്ന് 2024-ലെയും പുതുക്കിയ 2026-ലെയും വിശദമായ പദ്ധതി റിപ്പോർട്ടുകളുടെ താരതമ്യം വ്യക്തമാക്കുന്നു. റെഡ് ലൈൻ തുറക്കാൻ ഇനിയും വർഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകള്‍ക്ക് ഇടയിലാണ് ഈ കണക്കുകളും പുറത്തുവരുന്നത്.2024ലെ ഡിപിആറില്‍ ആസ്‌തി വികസനത്തിനായി 1,33,110 ചതുരശ്ര മീറ്റർ വിസ്‌തീർണമാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 2026-ലെ പുതുക്കിയ ഡിപിആറില്‍ ഇത് 55,070 ചതുരശ്ര മീറ്ററായി കുറഞ്ഞു. ഏകദേശം 58 ശതമാനത്തിന്റെ കുറവാണിത്. പുതുക്കിയ ഡിപിആറിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കാനുണ്ട്.

പുതുക്കിയ പദ്ധതിയില്‍ ഒഴിവാക്കിയ വെറ്ററിനറി കോളജ് മെട്രോ സ്‌റ്റേഷനില്‍ മാത്രം 15,000 ചതുരശ്ര മീറ്റർ സ്വത്ത് വികസന സാധ്യത ഉണ്ടായിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു.ആസ്‌തി വികസനത്തിനുള്ള ഇടം കുറഞ്ഞതോടെ ഇതില്‍ നിന്നുള്ള പ്രതീക്ഷിച്ച വരുമാനവും ഗണ്യമായി ഇടിയുമെന്നാണ് കരുതുന്നത്. 2024-ലെ ഡിപിആറില്‍ 6053 കോടി രൂപയുടെ വരുമാനമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 2026-ലെ ഡിപിആറില്‍ ഇത് 2525 കോടി രൂപയായി കുറഞ്ഞു. ഏകദേശം 58 ശതമാനത്തിന്റെ ഇടിവ് തന്നെയാണ് ഇതും.ആസ്‌തി വികസനത്തിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. 2024-ലെ പദ്ധതിയില്‍ 17 സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, 2026-ലെ ഡിപിആറില്‍ ഇത് 11 ആയി ചുരുക്കി. വലിയ തോതിലുള്ള വികസന പദ്ധതികളുടെ എണ്ണവും കുറഞ്ഞു. 2024-ലെ ഡി.പി.ആറില്‍ 15,000 ചതുരശ്ര മീറ്ററോ അതിലധികമോ വികസന സാധ്യതയുള്ള അഞ്ച് സ്ഥലങ്ങളുണ്ടായിരുന്നു.

എന്നാല്‍ പുതുക്കിയ റിപ്പോർട്ടില്‍ കോറമംഗല രണ്ടാം ബ്ലോക്കും പാലസ് ഗുട്ടഹള്ളിയും മാത്രമാണ് ഇത്രയും വലിയ വികസന സാധ്യതയുള്ള സ്ഥലങ്ങളായി തുടരുന്നത്. ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ടിക്കറ്റ് നിരക്കുകള്‍ പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിലയില്‍ നിലനിർത്താൻ, ആസ്‌തി വികസനം ഉള്‍പ്പെടെയുള്ള ടിക്കറ്റ് ഇതര വരുമാന മാർഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫെയർ ഫിക്‌സേഷൻ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്‌തിരുന്നു.ഇതിന്റെ ഭാഗമായി മെട്രോ അധികൃതർ വരുമാനത്തിനായി പല വഴികളും പരിഗണിച്ചിരുന്നു. അതില്‍ പ്രധാനമാണ് ആസ്‌തി വികസനവും വാണിജ്യ കെട്ടിട സമുച്ചങ്ങള്‍ ഉള്‍പ്പെടെ മെട്രോ സ്‌റ്റേഷനുകളുടെ ഭാഗമായി നിർമ്മിക്കുന്നതും. റെഡ് ലൈനില്‍ ഇത് ഗണ്യമായി കുറയുന്നതോടെ മെട്രോയുടെ ആകെയുള്ള ടിക്കറ്റ് ഇതര വരുമാന ലക്ഷ്യത്തെയും ഇത് സാരമായി ബാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group