കൊച്ചിൻ ഹാർബർ ടെർമിനല്‍ സ്റ്റേഷനിലെത്തിയ ആഡംബര ട്രെയിനിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. യു.പി സ്വദേശി കമലേഷാണ് മരിച്ചത്.സാധാരണ ട്രെയിൻ സർവീസ് ഇല്ലാത്ത റൂട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ട്രെയിനിടിച്ചാണ് അപകടം. ചൊവ്വാഴ്ച രാവിലെ വെല്ലിങ്ടണ്‍ ഐലന്റിലേക്ക് സഞ്ചാരികളുമായെത്തിയ ഗോള്‍ഡൻ ചാരിയറ്റ് എന്ന ആഡംബര ട്രെയിനാണ് ഇടിച്ചത്. വണ്ടി സ്റ്റേഷനിലെത്തി അരമണിക്കൂറിന് ശേഷമാണ് മരിച്ചവിവരം അറിയുന്നത്.രണ്ടുവർഷത്തിന് ശേഷമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ട്രാക്കിലൂടെ ഒരു ട്രെയിൻ കടന്നുപോകുന്നത്. ട്രാക്കില്‍ ഫോണ്‍ ചെയ്ത് സംസാരിച്ചു നിന്നതിനാല്‍ ട്രെയിൻ വരുന്നത് ശ്രദ്ധയില്‍പെട്ടില്ല.
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആഡംബര തീവണ്ടിയാണ് ഗോള്‍ഡൻ ചാരിയറ്റ്. ഇതിന്റെ സർവീസ് കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ബെംഗളൂരുവില്‍നിന്ന് ആരംഭിച്ച് മൈസൂരു, കാഞ്ചിപുരം, മഹാബലിപുരം, തഞ്ചാവൂർ, കൊച്ചി, മാരാരിക്കുളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ച് ബംഗളൂരുവിലെത്തുന്ന ട്രിപ്പാണ് ശനിയാഴ്ച്ച ആരംഭിച്ചത്.