ന്യൂഡല്‍ഹി: വിവാഹശേഷം നേരിട്ടിരുന്ന സ്ത്രീധന പീഡനങ്ങളും മാനസിക-ശാരീരിക അതിക്രമങ്ങളും അവസാനിക്കുമെന്ന പ്രതീക്ഷയില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ച 28-കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭർത്താവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.ജൂലൈ 5-ന് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ അകൃതി സുതാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് അരസ്തു സിക്കയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഡല്‍ഹിയിലെ ലോധി കോളനിയിലെ എൻഡിഎംസി റസിഡൻഷ്യല്‍ കോംപ്ലക്സിലാണ് സംഭവം. ആദ്യം അപകടമരണമെന്ന നിലയില്‍ അന്വേഷിച്ച കേസ്, കുടുംബത്തിന്റെ പരാതിയും ശേഖരിച്ച തെളിവുകളും അടിസ്ഥാനമാക്കി സ്ത്രീധനമരണവും ഭർത്താവിന്റെ ക്രൂരതയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
അകൃതിയും അരസ്തുവും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്ന ശേഷമാണ് ഏപ്രില്‍ 24-ന് വിവാഹിതരായത്. വിവാഹത്തിനുശേഷം ചെറിയ ഇടവേള എടുത്ത അകൃതി, ജൂലൈ 1-ന് വീണ്ടും സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലിയില്‍ പ്രവേശിച്ചു. ജോലി തുടർന്നാല്‍ സാമ്പത്തികമായി സ്വയം മുന്നേറാനും, അതുവഴി ഭർത്താവിന്റെ വീട്ടില്‍ നേരിടുന്ന ആരോപണങ്ങളും സമ്മർദങ്ങളും അവസാനിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷയെന്ന് സഹോദരൻ അമയ് സുതാർ പറഞ്ഞു.അലമാര, ഫ്രിഡ്ജ്, എയർ കണ്ടീഷണർ തുടങ്ങിയ ഗാർഹിക ഉപകരണങ്ങള്‍ കൊണ്ടുവന്നില്ലെന്ന പേരില്‍ അകൃതിയെ നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും 10 മുതല്‍ 20 ലക്ഷം രൂപ വരെ ആവശ്യപ്പെടുന്ന തരത്തിലുള്ള സമ്മർദങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്വന്തം പ്രശ്നങ്ങള്‍ തുറന്നു പറയാൻ അകൃതി മടിച്ചിരുന്നതായും സഹോദരൻ വെളിപ്പെടുത്തി. 2019-ല്‍ കാൻസർ ബാധിച്ച് പിതാവ് മരിച്ചതിന് ശേഷം കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നു അകൃതി.
“നിങ്ങള്‍ ഇപ്പോഴാണ് സാമ്പത്തികമായി ഒന്ന് മുന്നോട്ടുവന്നത്. എന്റെ കാരണത്താല്‍ വീണ്ടും ബുദ്ധിമുട്ടേണ്ട. ഞാൻ ജോലി ചെയ്ത് എല്ലാം പതിയെ വാങ്ങിക്കൊള്ളാം,” എന്നാണ് സഹോദരനോട് അകൃതി പറഞ്ഞിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.ജൂലൈ 3-നാണ് വിവാഹശേഷം നേരിട്ട ശാരീരിക അതിക്രമങ്ങളും ഭീഷണികളും സ്ത്രീധന പീഡനവും സംബന്ധിച്ച മുഴുവൻ വിവരങ്ങളും അകൃതി ആദ്യമായി കുടുംബത്തെ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അതിന് ഒരു ദിവസത്തിന് ശേഷമാണ് അവർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.അന്വേഷണത്തിനിടെ അകൃതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് “How to die easily” എന്ന ഗൂഗിള്‍ സെർച്ച് കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.
എന്നാല്‍ ഫോണ്‍ ഭർത്താവിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും, പാസ്വേഡ് മാറിയാലും അവിഹിതബന്ധം ആരോപിച്ച് മർദിക്കാറുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍, കോള്‍ റെക്കോർഡുകള്‍, മൊബൈല്‍ ഫോണ്‍ ഡാറ്റ, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ് പൊലീസ്. ഭർത്താവിന്റെ കുടുംബാംഗങ്ങളുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.വിവാഹത്തിന് പിന്നാലെ സ്ത്രീധന പീഡനവും ഗാർഹിക അതിക്രമവും മൂലമുള്ള മരണങ്ങള് വീണ്ടും ദേശീയതലത്തില്‍ ചർച്ചയാകുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ സംഭവം പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.