ബെംഗളൂരു: ശ്രീരാംപുരം, ശേഷാദ്രിപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് സന്തോഷ വാർത്ത.ഉടൻ തന്നെ ഇവിടെയുള്ള സമ്പിഗെ റോഡ് മെട്രോ സ്റ്റേഷനിലേക്ക് സുരക്ഷിതവും എളുപ്പവുമായ യാത്രാസൗകര്യം ലഭിക്കും. സ്വതന്ത്ര പാല്യ ഭാഗത്തെയും മെട്രോ സ്റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാല്‍നട അണ്ടർപാസ് നിർമ്മിക്കാൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ തീരുമാനിച്ചതോടെയാണ് ഇത്.ഏകദേശം 5.5 കോടി ചെലവില്‍ നിർമ്മിക്കുന്ന അണ്ടർപാസ് പൂർണമായും ഭൂമിക്കടിയിലൂടെ ആയിരിക്കും കടന്നുപോവുക. 5 മീറ്റർ വീതിയും 2.6 മീറ്റർ ഉയരവും ഉള്ള ഈ പാതയിലൂടെ യാത്രക്കാർക്ക് റെയില്‍പാളങ്ങള്‍ മുറിച്ചുകടക്കാതെ സുരക്ഷിതമായി മെട്രോ സ്റ്റേഷനിലെത്താൻ കഴിയും.
നിലവില്‍ നിരവധി പേർ തിരക്കേറിയ റെയില്‍പാളങ്ങള്‍ മുറിച്ചുകടന്നും ഇടുങ്ങിയ ചരിവുള്ള വഴിയിലൂടെയുമാണ് സ്റ്റേഷനിലെത്തുന്നത്.ഇത് അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം ട്രെയിൻ സർവീസുകളെയും ബാധിക്കുന്നതായി റെയില്‍വേ അധികൃതർ അറിയിച്ചു. ഈ സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അണ്ടർപാസ് യാഥാർഥ്യമാകുന്നതോടെ ശേഷാദ്രിപുരം, ഒകലിപുരം, ശ്രീരാംപുരം, മല്ലേശ്വരം എന്നിവിടങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. കാല്‍നട യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുന്നതിനൊപ്പം റെയില്‍ ഗതാഗതവും കൂടുതല്‍ സുഗമമാകുമെന്ന് അധികൃതർ വ്യക്തമാക്കി.പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഈ പദ്ധതി. റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ നിരവധി അപകടങ്ങളും രാത്രികാല സുരക്ഷാ പ്രശ്നങ്ങളും നിയമ-സമാധാന വെല്ലുവിളികളും ഉണ്ടായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പദ്ധതി വേഗത്തില്‍ പൂർത്തിയാക്കണമെന്നാണ് മേഖലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അടക്കം ആവശ്യപ്പെടുന്നത്.ഏറെക്കാലമായി കാത്തിരിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം തിങ്കളാഴ്ച നടന്നിരുന്നു.
നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിച്ചത്. 2027 ജനുവരിയോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമെങ്കിലും, കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ അതിനുമുമ്പ് തന്നെ അണ്ടർപാസ് ജനങ്ങള്‍ക്ക് സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കെങ്കേരിക്ക് സമീപമുള്ള റാമോഹള്ളി ഗേറ്റിലെ റോഡ് അണ്ടർ ബ്രിഡ്ജ് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് വി സോമണ്ണ പറഞ്ഞു. കൂടാതെ തുമകൂരു-ദാവണഗെരെ, രായദുർഗ-തുമകൂരു റെയില്‍പാത പദ്ധതികള്‍ക്ക് മുൻഗണന നല്‍കുന്നുണ്ടെന്നും ഹോസക്കോട്ടെ-നരസാപുര-വേമഗല്‍ വഴി ബെംഗളൂരു-കോളാർ നേരിട്ടുള്ള പുതിയ റെയില്‍പാതയും ആസൂത്രണം ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏകദേശം 485 കോടി ചെലവില്‍ നടപ്പാക്കുന്ന ബെംഗളൂരു കാന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളും യശ്വന്ത്പുര റെയില്‍വേ സ്റ്റേഷന്റെ പുനർവികസന പദ്ധതിയും നിശ്ചയിച്ച സമയക്രമപ്രകാരം പുരോഗമിക്കുകയാണെന്നും കൂടാതെ യെലഹങ്കയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ മെഗാ കോച്ചിംഗ് ടെർമിനല്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.