ദാവണ്‍ഗരെ: കർണാടകത്തിലെ ദാവണ്‍ഗരെയില്‍ പ്രണയവിവാഹത്തിന്റെ പേരില്‍ ആക്രമണം. സിദ്ദേഷ് എന്ന ഇരുപത്തിരണ്ടുകാരനെ ഭാര്യയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു.ഭാര്യയുടെ ബന്ധുക്കള്‍ ഭീഷണി ഉയർത്തിയതിനെ തുടർന്ന് പരാതി നല്കാൻ ബസവപട്ടണ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം.ദാവണ്‍ഗരെയിലെ കാഞ്ചുഗാരനഹള്ളി സ്വദേശി സിദ്ദേഷ്, ലീലാവതി എന്ന പതിനെട്ടുകാരിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങിയ ഇരുവരും ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായി. പിന്നാലെ ഭീഷണി കടുത്തതോടെ ജില്ലാ പൊലീസ് മേധാവിക്ക് മുന്നില്‍ നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെട്ടു.എസ്പിയുടെ നിർദേശപ്രകാരം പരാതി നല്കാൻ ബസവപട്ടണ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ലീലാവതിയുടെ വീട്ടുകാരും അവിടെ ഉണ്ടായിരുന്നു. സംസാരത്തിനിടയില്‍ എസ്ഐ ഫോണ്‍ വന്ന് പുറത്തിറങ്ങിയ സമയത്താണ് അമ്മാവൻ നാഗരാജ് ഇരുവരെയും ആക്രമിച്ചത്.
കൈവശം കരുതിയിരുന്ന കത്തിയെടുത്ത് സിദ്ദേഷിന്റെ കയ്യില്‍ വെട്ടിയ നാഗരാജ്, ലീലാവതിയെയും ആക്രമിക്കാൻ മുതിർന്നെങ്കിലും പൊലീസുകാർ തടയുകയായിരുന്നു.വെട്ടേറ്റ് കൈ മുറിഞ്ഞ് തൂങ്ങിയ സിദ്ദേഷിനെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സിദ്ദേഷിനെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സിദ്ദേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. സിദ്ദേഷിനെ ആശുപത്രിയിലെത്തിക്കുമ്പോഴും പിന്തുടർന്ന സംഘം അവിടെ വച്ചും പൊലീസിനെ കാഴ്ചക്കാരാക്കി ഭീഷണി മുഴക്കി. ഈ സമയം പരാതി നല്‍കരുതെന്ന് പൊലീസുകാരില്‍ ചിലർ ആവശ്യപ്പെട്ടതായി ലീലാവതി ആരോപിച്ചു.ആക്രമണം നടത്തിയ നാഗരാജിനെയും സഹോദരൻ മഞ്ജുനാഥിനെയും ഉന്നത ഇടപെടലിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദേഷിനും ലീലാവതിക്കും സംരക്ഷണം ഏർപ്പെടുത്തി. ഗ്രാമത്തിലും പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.