Home കർണാടക ബെംഗളൂരു എയര്‍പോര്‍ട്ട്- ഹെബ്ബാള്‍ യാത്ര ഇനി സുഗമമാവും; സദഹള്ളി അണ്ടര്‍പാസ് പദ്ധതി ഉടൻ വരുന്നു

ബെംഗളൂരു എയര്‍പോര്‍ട്ട്- ഹെബ്ബാള്‍ യാത്ര ഇനി സുഗമമാവും; സദഹള്ളി അണ്ടര്‍പാസ് പദ്ധതി ഉടൻ വരുന്നു

ബെംഗളൂരു: ഹെബ്ബാളില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര ഉടൻ പൂർണമായും സിഗ്നല്‍ രഹിതമാകും.ഏറെ നാളായി കാത്തിരുന്ന സദഹള്ളി അണ്ടർപാസ് പദ്ധതിയുടെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങള്‍ അടുത്ത ആഴ്ച്ച മുതല്‍ ദേശീയപാത അതോറിറ്റി ആരംഭിക്കുമെന്ന് അറിയിച്ചതോടെയാണ് ഇത്. 700 മീറ്റർ നീളമുള്ള ആറുവരി അണ്ടർപാസ് നിർമ്മാണത്തിനായി രാത്രി 11 മുതല്‍ പുലർച്ചെ 5 വരെ 15 മാസത്തേക്ക് ജോലി നടത്താൻ ബെംഗളൂരു ട്രാഫിക് പോലീസ് എൻഎച്ച്‌എഐയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.നിലവില്‍ ഹെബ്ബാളില്‍ നിന്ന് സദഹള്ളി വരെയുള്ള 22 കിലോമീറ്റർ വിമാനത്താവള റോഡില്‍ സദഹള്ളി ജംഗ്‌ഷനിലാണ് ഏക ട്രാഫിക് സിഗ്നല്‍ ഉള്ളത്. ബാക്കി ഭാഗങ്ങളില്‍ ഫ്ലൈഓവറുകളും ഉയർന്ന പാതകളും ഉള്ളതിനാല്‍ സിഗ്നല്‍ രഹിത യാത്രയാണ്.

35 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന ആറുവരി അണ്ടർപാസ് പൂർത്തിയാകുന്നതോടെ ഈ അവസാന ഗതാഗതക്കുരുക്കും ഒഴിവാകും. ഇതോടെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ വേഗത്തിലും തടസമില്ലാതെയും നടക്കും.അടുത്ത ആഴ്‌ച മുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കല്‍, ഗതാഗത ക്രമീകരണങ്ങള്‍, സർവീസ് റോഡുകള്‍ വികസിപ്പിക്കല്‍ തുടങ്ങിയ പ്രാഥമിക ജോലികള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിർമ്മാണ സമയത്ത് ഗതാഗതം തടസപ്പെടാതിരിക്കാൻ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള നിലവിലെ രണ്ടുവരി സർവീസ് റോഡുകള്‍ നാലുവരി റോഡുകളാക്കി വികസിപ്പിക്കും.മണ്‍സൂണ്‍ അവസാനിക്കുന്ന സെപ്റ്റംബർ മുതല്‍ അണ്ടർപാസിന്റെ പ്രധാന നിർമാണം ആരംഭിക്കുമെന്നാണ് എൻഎച്ച്‌എഐ അറിയിച്ചത്. ‘കട്ട് ആൻഡ് കവർ’ രീതിയിലാണ് അണ്ടർപാസ് നിർമ്മിക്കുക. 2027 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന എയറോ ഇന്ത്യ പ്രദർശനത്തിന് മുമ്പ് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.ഏകദേശം പത്ത് വർഷം മുമ്പാണ് സദഹള്ളി ഗ്രേഡ് സെപ്പറേറ്റർ പദ്ധതി ആദ്യമായി നിർദ്ദേശിച്ചത്. ആദ്യം ഫ്ലൈഓവർ നിർമ്മിക്കാനായിരുന്നു പദ്ധതി.

പിന്നീട് ഭൂമി ഏറ്റെടുക്കല്‍ കുറയ്ക്കാനും ഗതാഗതം കൂടുതല്‍ സുഗമമാക്കാനും അണ്ടർപാസ് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. സദഹള്ളി പ്രദേശത്ത് വൻ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ വരുന്നതോടെ ഭാവിയില്‍ ഇവിടെ വാഹനത്തിരക്ക് കൂടുതല്‍ വർധിക്കുമെന്നാണ് വിലയിരുത്തല്‍.രാജ്യസഭയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നല്‍കിയ വിവരമനുസരിച്ച്‌, ദേവനഹള്ളി ടോള്‍ പ്ലാസ 2023-24 സാമ്പത്തിക വർഷത്തില്‍ 308 കോടി രൂപയും കഴിഞ്ഞ പത്ത് വർഷത്തിനിടെ 1577 കോടി രൂപയും ടോള്‍ വരുമാനമായി സമാഹരിച്ചിട്ടുണ്ട്. ഇതോടെ കർണാടകയിലെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ടോള്‍ പ്ലാസയായി ഇത് മാറി.സദഹള്ളി ടോള്‍ പ്ലാസയില്‍ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 120 രൂപയും ഇരുവഴിയാത്രയ്ക്ക് 185 രൂപയും ടോളായി ഈടാക്കുന്നു. 50 ഒറ്റയാത്രകള്‍ക്കുള്ള മാസപാസ് നിരക്ക് 4070 രൂപയാണ്. അതേസമയം, ജോലികള്‍ തീരാൻ ഒരു വർഷത്തോളം വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. ജോലികള്‍ പൂർത്തിയാക്കിയാല്‍ ഈ റൂട്ടില്‍ പിന്നെ യാത്ര സുഗമമാകും, പ്രത്യേകിച്ച്‌ വിമാനത്താവളത്തിലേക്ക് പോവുന്നവർക്ക് ട്രാഫിക് ബ്ലോക്കിനെ ഭയക്കേണ്ടി വരില്ല.

You may also like

error: Content is protected !!
Join Our WhatsApp Group