Home തിരഞ്ഞെടുത്ത വാർത്തകൾ പുലര്‍ച്ചെ പെട്രോള്‍ പമ്പില്‍ നിന്നും പണം കവര്‍ന്നു, ബാറില്‍ കയറി വിലകൂടിയ മദ്യം അകത്താക്കി; സിസിടിവിയില്‍ 150 ലേറെ കേസുകളുള്ള ഷാജഹാൻ, അറസ്റ്റില്‍

പുലര്‍ച്ചെ പെട്രോള്‍ പമ്പില്‍ നിന്നും പണം കവര്‍ന്നു, ബാറില്‍ കയറി വിലകൂടിയ മദ്യം അകത്താക്കി; സിസിടിവിയില്‍ 150 ലേറെ കേസുകളുള്ള ഷാജഹാൻ, അറസ്റ്റില്‍

മലപ്പുറം: പോരൂര്‍ ചെറുകോട് പെട്രോള്‍ പമ്പില്‍ ഗ്ലാസ് തകര്‍ത്ത് അകത്തുകയറി പന്ത്രണ്ടായിരത്തോളം രൂപ കവര്‍ന്ന കേസില്‍ നൂറ്റമ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ ഷാജഹാന്‍ (51) പിടിയില്‍.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു മോഷണം. മോഷണത്തിനുശേഷം പണം ഉപയോഗിച്ച്‌ ബാറില്‍നിന്ന് വിലകൂടിയ മദ്യം വാങ്ങിക്കുടിച്ചതായി പ്രതി പൊലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. ഇരുമ്പുവടി ഉപയോഗിച്ച്‌ പെട്രോള്‍ പമ്പിന്റെ ഗ്ലാസ് തകര്‍ത്താണ് പ്രതി അകത്തുകയറിയത്. തുടര്‍ന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരത്തോളം രൂപ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ പൊലീസ് പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മോഷണത്തിന് ഉപയോഗിച്ച രീതിയും ദൃശ്യങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. അര്‍ധരാത്രിയോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ വണ്ടൂരിലെത്തിയ ഷാജഹാന്‍ മോഷണത്തിനുശേഷം മറ്റൊരു ബസില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. മോഷ്ടിച്ച പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. പണം ലഭിച്ചതിനു പിന്നാലെ മദ്യം വാങ്ങിക്കുടിച്ചതായുള്ള പ്രതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി നൂറ്റമ്പതോളം കേസുകളില്‍ പ്രതിയാണ് ഷാജഹാനെന്ന് പൊലീസ് അറിയിച്ചു.ഒരു മാസം മുമ്പാണ് ഇയാള്‍ പെരിന്തല്‍മണ്ണ സബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

പുറത്തിറങ്ങി അധികനാള്‍ കഴിയുന്നതിനുമുമ്പാണ് വീണ്ടും മോഷണക്കേസില്‍ പിടിയിലാകുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് വണ്ടൂരില്‍ നടന്ന മറ്റൊരു പെട്രോള്‍ പമ്പ് മോഷണക്കേസിലും ഇയാള്‍ കൂട്ടുപ്രതിയായിരുന്നു. സമാനമായ കുറ്റകൃത്യങ്ങളില്‍ മുമ്പും ഉള്‍പ്പെട്ടിട്ടുള്ള പ്രതിയുടെ പശ്ചാത്തലം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്. വണ്ടൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സ്വയംപ്രഭ, ഷിഫിന്‍ കുപ്പനത്ത്, സ്‌ക്വാഡ് അംഗങ്ങളായ കെ.ടി. ആസിഫ് അലി, സാബിറലി, പി. സജീഷ്, സി.കെ. സജേഷ്, എം. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെട്രോള്‍ പമ്പിലെ മോഷണവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group