ബംഗളൂരു: ഗൃഹപാഠം ചെയ്തില്ലെന്നാരോപിച്ച് സ്കൂളില്‍ നിന്ന് നേരിട്ട പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.ബംഗളൂരുവിനടുത്തുള്ള അനക്കല്‍ താലൂക്കിലെ മരസുരു ഗവണ്മെന്റ് ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനി മധുശ്രീ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്നാരോപിച്ച് അധ്യാപകർ തന്നോട് ക്രൂരമായി പെരുമാറിയെന്ന് കുറിപ്പില്‍ പറയുന്നു. ഇതിന്റെ പേരില്‍ 20 രൂപ പിഴ ചുമത്തുകയും, സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നും അധ്യാപകർ ഭീഷണിപ്പെടുത്തിയതായും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.അധ്യാപകർ മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മധുശ്രീയുടെ അമ്മ ഗിരിജ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളില്‍ നടന്ന കാര്യങ്ങള്‍ കുട്ടി ആരോടും പറഞ്ഞിരുന്നില്ല. സംഭവം പുറത്തറിയുന്നതിന് മുമ്പ് തന്നെ കുട്ടി കടുത്ത വിഷാദത്തിലായിരുന്നു. സൂര്യനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ആവശ്യം.