കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭിണിയാണെന്ന് അറിഞ്ഞതോടെ കയ്യൊഴിയുകയും ചെയ്ത സംഭവത്തിൽ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ. കോഴിക്കോട് ചാത്തമംഗലം ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവി(19)നെയാണ് യുവതിയുടെ പരാതിയിൽ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുമായി പ്രണയത്തിലായ 19കാരൻ വിവാഹ വാഗ്ദാനം നൽകുകയും കോഴിക്കോട് സരോവരം പാർക്കിന് അടുത്തുള്ള അപ്പാർട്ട്മെന്റിൽ വെച്ചും പെരിങ്ങളത്തുളള സുഹൃത്തിന്റെ വീട്ടിൽവെച്ചും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അതിജീവിതയുടെ വീട്ടുകാർ അഭിനവിന്റെ വീട്ടുകാരുമായി സംസാരിച്ചു. എന്നാൽ യുവാവും വീട്ടുകാരും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.