ബെംഗളൂരു: മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തനം നിലച്ച കിംഗ് ഫിഷർ എയർലൈൻസിലെ മുൻ പൈലറ്റുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചു.മുൻ പൈലറ്റുമാരായ മുകേഷ് സിങ് ശക്താവത്, ക്യാപ്റ്റൻ ഡെസ്മണ്ട് ഡിമെല്ലോ എന്നിവർ നല്‍കിയ ഹരജി ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദത്തിന്റെ ബെഞ്ച് എട്ടിന് വീണ്ടും പരിഗണിക്കും. 2005 മുതല്‍ 2014 വരെ ജോലി ചെയ്ത മുകേഷ് സിങിന് 2011 ജൂലൈ മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലയളവിലെ ശമ്പളമാണ് ലഭിക്കാനുള്ളത്.ഇത് ഏകദേശം 1,39,77,487 രൂപ വരും.കിംഗ് ഫിഷറിന്റെ ആസ്തികള്‍ വിറ്റവകയില്‍ എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോർഷ്യം 14,000 കോടി രൂപയിലധികം വീണ്ടെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും തുക കൈമാറാൻ ബാങ്കുകള്‍ തയ്യാറാകാത്തതാണ് ശമ്പളം വൈകാൻ കാരണമെന്ന് ലിക്വിഡേറ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു.2025 ഡിസംബറില്‍ എസ്ബിഐ 142.24 കോടി രൂപ ലിക്വിഡേറ്റർക്ക് കൈമാറിയിരുന്നു. എന്നാല്‍ മുഴുവൻ തൊഴിലാളികളുടെയും വേതനവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാൻ 311 കോടി രൂപ വേണം. ബാക്കിതുക വിട്ടുകൊടുത്താല്‍ മാത്രമെ ജീവനക്കാർക്ക് ശമ്പളം നല്‍കാൻ കഴിയുകയുള്ളു. വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്ന കിംഗ് ഫിഷർ എയർലൈൻസ് വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 7000 കോടിരൂപ വായ്പയും പലിശയുമടക്കം 9000 കോടിരൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണ് അദ്ദേഹം രാജ്യംവിട്ടത്. നിലവില്‍ മല്യ യുകെയിലാണ് കഴിയുന്നത്. അനുകൂല വിധി വന്നാല്‍ ശമ്പളകുടിശ്ശിക ലഭിക്കാനുള്ള മറ്റ് ജീവനക്കാർക്കും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് മുൻ പൈലറ്റുമാർ.
ഒമ്പത് വര്‍ഷം പണിയെടുത്തു, ഒന്നരക്കോടിയോളം ശമ്പളകുടിശ്ശിക; കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് പൈലറ്റുമാര്‍
previous post