ദില്ലി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനും കുടുംബത്തിന്റെ പൂർവ്വിക സ്വത്ത് അവകാശപ്പെടുന്നതിനുമായി കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിയന്ത്രണരേഖ മറികടന്നെത്തിയ 22 കാരനായ പാക് അധീന കശ്മീർ സ്വദേശിയെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് കൈമാറി.സീഷാൻ മീർ എന്ന യുവാവിനെയാണ് ജൂലൈ 4 ശനിയാഴ്ച ഉച്ചയ്ക്ക് 12:24-ഓടെ ഉറി സെക്ടറിലെ കമാൻ അമൻ സേതുവില്‍ വെച്ച് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയതെന്ന് ഇന്ത്യൻ സൈന്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. മേയ് 31-നാണ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ഇന്ത്യൻ സൈന്യം പിടികൂടിയത്.കുടുംബം പുലർത്താനും സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാനുമുള്ള നിരന്തരമായ സമ്മർദ്ദം മൂലം മാനസികമായി ബുദ്ധിമുട്ടിലായിരുന്ന സീഷാൻ മീർ, സ്നാപ്ചാറ്റ് വഴിയാണ് ബാരാമുള്ളയിലെ തുല്‍വാരി ഗ്രാമവാസിയായ ഇറും ബാനോ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. സംഭാഷണങ്ങള്‍ക്കിടയിലാണ് സീഷാൻ മീറിന്റെ പൂർവ്വികർ പണ്ട് ഇറും ബാനോ താമസിക്കുന്ന അതേ ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നതെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. തന്റെ കുടുംബപ്രശ്നങ്ങള്‍ സീഷാൻ പങ്കുവെച്ചപ്പോള്‍, അതിർത്തി കടന്ന് തന്റെ ഗ്രാമത്തിലേക്ക് വരാൻ ഇറും നിർദ്ദേശിക്കുകയായിരുന്നു.
പ്രണയികളുടെ പ്ലാൻഅതിർത്തി കടന്ന് നേരിട്ട് ഇന്ത്യൻ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനുള്ള നിയമപരമായ ശിക്ഷ അനുഭവിച്ച ശേഷം, ജയില്‍ മോചിതനാകുമ്പോള്‍ ഗ്രാമത്തിലുള്ള തന്റെ പൂർവ്വികരുടെ സ്വത്തിന്മേല് നിയമപരമായി അവകാശവാദം ഉന്നയിച്ച് അവിടെ സ്ഥിരതാമസമാക്കാമെന്നും അവർ കരുതി. എന്നാല്‍ മേയ് മാസത്തില്‍ അതിർത്തി കടക്കാൻ ശ്രമിച്ച സീഷാനെ ഇന്ത്യൻ സൈന്യം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കാനായി ഇറും ബാനോയെ അധികൃതർ വിളിപ്പിച്ചു. യുവാവിനെ ഇന്ത്യയില്‍ തുടരാൻ അനുവദിക്കണമെന്ന് ഇറും അധികൃതരോട് അഭ്യർത്ഥിച്ചു. എന്നാല്‍ സുരക്ഷാ ഏജൻസികള്‍ സംഭവത്തിന് പിന്നില്‍ മറ്റ് ബാഹ്യ ഇടപെടലുകളോ ചാരപ്രവർത്തനങ്ങളോ ഇല്ലെന്ന് പൂർണ്ണമായി ഉറപ്പുവരുത്തിയ ശേഷമാണ് നിയമപരമായ നടപടികളിലേക്ക് കടന്നതും യുവാവിനെ തിരിച്ചയക്കാൻ തീരുമാനിച്ചതും. ഇന്ത്യയില്‍ കഴിഞ്ഞിരുന്ന സമയത്ത് മാനുഷിക മൂല്യങ്ങള്‍ മുൻനിർത്തി അർഹമായ പരിഗണനയോടും പരിചരണത്തോടും കൂടിയാണ് സീഷാനോട് സൈന്യം പെരുമാറിയതെന്നും ചീനാർ കോർപ്സ് വ്യക്തമാക്കി.