Home കർണാടക ബെംഗളൂരു ടണല്‍ റോഡ്, എലിവേറ്റഡ് കോറിഡോറുകള്‍ എന്നിവ മുന്നോട്ട് തന്നെ; ബിഎംഎല്‍ടിഎ അനുമതി വേണ്ട

ബെംഗളൂരു ടണല്‍ റോഡ്, എലിവേറ്റഡ് കോറിഡോറുകള്‍ എന്നിവ മുന്നോട്ട് തന്നെ; ബിഎംഎല്‍ടിഎ അനുമതി വേണ്ട

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന ലക്ഷ്യത്തോടെ നടപ്പാക്കാൻ തീരുമാനിച്ച ടണല്‍ റോഡ്, എലിവേറ്റഡ് കോറിഡോർ ഉള്‍പ്പെടെയുള്ള വൻ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഇനി ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ബിഎംഎല്‍ടിഎ) അനുമതി നിർബന്ധമല്ല.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ ബിഎംഎല്‍ടിഎ ചട്ടങ്ങള്‍-2026 ഔദ്യോഗികമായി വിജ്ഞാപനം ചെയ്‌തതോടെയാണ് ഈ നിർണായക മാറ്റം നിലവില്‍ വന്നത്.നഗരഗതാഗത പദ്ധതികളുടെ മേല്‍നോട്ടത്തിലും ആസൂത്രണത്തിലും ബിഎംഎല്‍ടിഎയ്ക്ക് നല്‍കിയിരുന്ന അധികാരപരിധിയെ ഈ തീരുമാനം ഗണ്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരുവില്‍ വിവിധ സർക്കാർ ഏജൻസികള്‍ സ്വതന്ത്രമായി നടപ്പാക്കുന്ന റോഡ്, മെട്രോ, ബസ്, റെയില്‍, പാലം, ഫ്ലൈഓവർ, നടപ്പാത, സൈക്കിള്‍പാത തുടങ്ങിയ പദ്ധതികള്‍ക്ക് ഏകോപനം ഉറപ്പാക്കാനാണ് ബിഎംഎല്‍ടിഎ രൂപീകരിച്ചത്.നഗരത്തിലെ എല്ലാ ഗതാഗത പദ്ധതികളും സമഗ്രമായി വിലയിരുത്തി, പരിസ്ഥിതി ആഘാതം, സാമ്പത്തിക പ്രായോഗികത, പൊതുഗതാഗതവുമായി സംയോജനം, ദീർഘകാല നഗരവികസന ലക്ഷ്യങ്ങള്‍ എന്നിവ പരിഗണിച്ച ശേഷമേ അനുമതി നല്‍കാവൂ എന്നതാണ് നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം.എന്നാല്‍ ഈ വർഷം ജനുവരിയില്‍ പുറത്തിറക്കിയ കരട് ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയ ‘സേവിംഗ്‌സ് ക്ലോസ്’ വലിയ വിവാദത്തിനിടയാക്കിയിരുന്നു.2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ആരംഭിച്ചതോ ഭരണാനുമതി ലഭിച്ചതോ ആയ എല്ലാ പദ്ധതികളും ബിഎംഎല്‍ടിഎയുടെ നിർബന്ധിത പരിശോധനയില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു വ്യവസ്ഥ.

ബെംഗളൂരുവിലെ ടണല്‍ റോഡ്, എലിവേറ്റഡ് കോറിഡോർ, പ്രധാന ഫ്ലൈഓവർ വികസനങ്ങള്‍ എന്നിവയെല്ലാം ഈ കാലയളവിലാണ് സർക്കാർ പ്രഖ്യാപിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുള്ളത്.പരിസ്ഥിതി പ്രവർത്തകർ, പൗരസംഘടനകള്‍ എന്നിവർ ഈ വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. നഗരത്തിലെ ഏറ്റവും ചെലവേറിയതും ദീർഘകാല പ്രത്യാഘാതമുണ്ടാക്കുന്നതുമായ പദ്ധതികള്‍ ബിഎംഎല്‍ടിഎയുടെ ശാസ്ത്രീയ വിലയിരുത്തലിന് പുറത്താകുന്നത് നിയമത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അവരുടെ വാദം. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ടണല്‍ റോഡ് പദ്ധതി പൊതുഗതാഗത വികസനത്തിന് പകരം സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന ആശങ്കയും അവർ ഉയർത്തിയിരുന്നു.എങ്കിലും ജൂലൈ 2-ന് പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിലും സർക്കാർ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തിയില്ല. ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് എടുത്ത എല്ലാ തീരുമാനങ്ങളും, നല്‍കിയ ഭരണാനുമതികളും, ടെൻഡർ നടപടികളും, പുരോഗമിക്കുന്ന നിർമാണ പ്രവർത്തനങ്ങളും, തീർപ്പാകാത്ത നടപടിക്രമങ്ങളും പുതിയ ചട്ടങ്ങള്‍ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ബിഎംഎല്‍ടിഎ രൂപീകരിക്കുന്നതിന് മുമ്പ് അംഗീകാരം നേടിയ പദ്ധതികള്‍ പഴയ രീതിയില്‍ തന്നെ മുന്നോട്ടുപോകും.

ഇതോടെ ബെംഗളൂരുവില്‍ നിർദേശിച്ചിട്ടുള്ള 18 കിലോമീറ്റർ നീളമുള്ള ടണല്‍ റോഡ് പദ്ധതി, വിവിധ എലിവേറ്റഡ് കോറിഡോറുകള്‍, പ്രധാന റോഡ് വികസന പദ്ധതികള്‍ എന്നിവയ്ക്ക് ബിഎംഎല്‍ടിഎയുടെ പ്രത്യേക അനുമതിയോ പുനഃപരിശോധനയോ ആവശ്യമില്ല. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ചുരുക്കുന്നതിനുമാണ് സർക്കാർ ഈ പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇത്തരം പദ്ധതികളുടെ ഫലപ്രാപ്‍തി, പരിസ്ഥിതി ആഘാതം, സാമ്പത്തിക ബാധ്യത എന്നിവ ഇനി ചോദ്യ ചിഹ്നമാവും.അതേസമയം, പുതിയ ചട്ടങ്ങള്‍ ഭാവിയില്‍ ആരംഭിക്കുന്ന ഗതാഗത പദ്ധതികള്‍ക്ക് ബാധകമായിരിക്കും. ഇനി മുതല്‍ പുതിയ പദ്ധതികള്‍ ബിഎംഎല്‍ടിഎയുടെ പരിഗണനയ്ക്ക് വിധേയമാകേണ്ടതുണ്ടെങ്കിലും, ഇതിനകം പ്രഖ്യാപിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്‌ത മെഗാ പദ്ധതികളിലെ ഇളവ് പ്രതിപക്ഷത്തില്‍ നിന്ന് എതിർപ്പുണ്ടാവാൻ കാരണമാവുമെന്ന് ഉറപ്പാണ്.

You may also like

error: Content is protected !!
Join Our WhatsApp Group