ബെംഗളൂരുവിന്‍റെ കണക്ടിവിറ്റി അനുദിനം വലുതാവുകയാണ്. നഗരത്തിനകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള യാത്രകൾക്കായി പുതിയ റോഡുകളും മേൽപ്പാലങ്ങളും വന്നുകഴിഞ്ഞു. സമീപ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുന്ന അതിവേഗ പാതകളിൽ ഒന്ന് പ്രവർത്തനമാരംഭിച്ചു. മറ്റുചിലത് അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഈ ലിസ്റ്റിലേക്ക് ഒരു വഴി കൂടി വരികയാണ്.ഇപ്പോഴിതാ, പഴയ മദ്രാസ് റോഡ് വഴി ചെന്നൈയിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പവും വേഗത്തിലുള്ളതുമാകുവാൻ പോവുകയാണ്. പ്രത്യേകിച്ച് ഈസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്നവർക്ക്.
ഓൾഡ് മദ്രാസ് റോഡ് നാലുവരി ഹൈവേയായി നവീകരിക്കുന്ന പുതിയ പദ്ധതിക്ക് കേന്ദ്രം 1,338 കോടി അനുവദിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു സിറ്റിയിൽ നിന്ന് റാണിപേട്ട് വഴി ചെന്നൈയിലേക്കുള്ള പഴയ മദ്രാസ് റോഡ് ഇതോടെ ദേശീയപാത 40 ൽ ആക്‌സസ് നിയന്ത്രിത ഹൈവേയായി മാറും.ഇതോടെ, വാലാജാപേട്ട/ റാണിപ്പേട്ട് മുതൽ തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തി വരെ 28 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന റൂട്ടിൽ യാത്ര കൂടുതൽ എളുപ്പമുള്ളതായി മാറും. നിലവിൽ ഹൊസ്‌കോട്ട് മുതൽ ചിറ്റൂർ വരെയുള്ള റോഡ് നാലുവരിപ്പാതയാണ്.
ചിറ്റൂരിൽ നിന്ന് ആന്ധ്രാപ്രദേശ്-തമിഴ്‌നാട് അതിർത്തി വരെയുള്ള റോഡ് നാലുവരിപ്പാതയായി മാറുകയാണ്. ആന്ധ്രാ പ്രദേശ് /തമിഴ്നാട് അതിർത്തിയിൽ നിന്ന് വാലാജാപേട്ടിലേക്കുള്ള പ്രധാന തടസ്സം രണ്ട് വരി പാതയാണ്. ഇവിടെ നിന്ന് ചെന്നൈ വരെ നാല് വരി പാതയാണ്. ഈ ഇടനാഴി നാലുവരി പാതയായി മാറുന്നതോടെ ബെംഗളൂരുവും ചെന്നൈയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.
ബെംഗളൂരു-ചെന്നൈ യാത്ര:ആയിരക്കണക്കിനാളുകൾ ഓരോ ദിവസവും സഞ്ചരിക്കുന്ന പ്രധാന നഗരങ്ങളാണ് ബെംഗളൂരുവും ചെന്നൈയും. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഏതു വഴി തിരഞ്ഞെടുക്കണമെന്ന് യാത്രക്കാര്‍ക്കിടയിൽ ആശങ്കകൾ ഉണ്ട്. സൗകര്യങ്ങളും ദൈർഘ്യവും പോലുള്ള മുന്‍ഗണനകളാണ് തീരുമാനത്തിലെത്തിക്കുന്നത്. ചിലർക്ക് വേഗത്തിൽ യാത്ര പോകാനാണ് താല്പര്യമെങ്കില് മറ്റുചിലർ മികച്ച റോഡും കുറഞ്ഞ ദൂരത്തിനുമാണ് പ്രാധാന്യം നല്തുന്നത്.
നിലവിൽ നാല് പ്രധാന റോഡുകൾ ആണ് ബംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്നത്. പഴയ മദ്രാസ് റോഡ് 333 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് , ഹൊസൂർ റോഡ് 346 കിലോമീറ്ററാണ് ദൂരം വ്യാപിച്ചുകിടക്കുന്നു. കൂടാതെ, പെർനമ്പൂട്ട് വഴിയുള്ള റോഡ് 327 കിലോമീറ്ററും, നിർമ്മാണത്തിലിരിക്കുന്ന പുതിയ ബെംഗളൂരു- ചെന്നൈ 258 കിലോമീറ്റർ അതിവേഗ പാതയും ഹൊസ്‌കോട്ടിനെ ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരുമായി ബന്ധിപ്പിക്കുന്നു.
ഹൊസൂർ റോഡ്ബെംഗളൂരു-ചെന്നൈ യാത്രയ്ക്ക് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന റോഡുകളിലൊന്ന് ഹൊസൂർ റോഡ് ആണ്. രണ്ട് സംസ്ഥാനങ്ങൾ മാത്രം കടന്നാൽ മതിയെന്നതും നാല് മുതൽ ആറ് വരി വരെയുള്ള മികച്ച ഹൈവേയും പലരെയും ഹൊസൂർ റോഡ് തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പഴയ മദ്രാസ് റോഡിൽ നിന്ന് വ്യത്യസ്തമായി ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ മാത്രമേ കടന്നുപോകുന്നുള്ളൂ.
പഴയ മദ്രാസ് റോഡ്ബെംഗളൂരുവിന്‍റെ മറ്റു ഭാഗങ്ങളേക്കാൾ, കിഴക്കൻ ബെംഗളൂരുവിൽ താമസിക്കുന്നവർക്കാണ് പഴയ മദ്രാസ് റോഡ് എളുപ്പമുള്ളതാകുന്നത്. കെആർ പുരത്തിനും ഹൊസ്‌കോട്ടിനും സമീപമുള്ള താമസക്കാർക്ക് ചെന്നൈ യാത്രൿക്ക് ധൈര്യമായി പഴയ മദ്രാസ് റോഡ് തിരഞ്ഞെടുക്കാം,