Home Featured ബംഗളൂരു: ഒ.ബി.സി സംവരണം റദ്ദാക്കല്‍; മുസ്‌ലിംകളെ കൂടുതല്‍ പിന്നാക്കമാക്കും

ബംഗളൂരു: ഒ.ബി.സി സംവരണം റദ്ദാക്കല്‍; മുസ്‌ലിംകളെ കൂടുതല്‍ പിന്നാക്കമാക്കും

ബംഗളൂരു: ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള നാലു ശതമാനം ഒ.ബി.സി സംവരണം ഇല്ലാതായത് കര്‍ണാടകയിലെ മുസ്ലിംകളെ കൂടുതല്‍ പിന്നാക്കമാക്കും.സംസ്ഥാനത്തെ ജനസംഖ്യയില്‍ 12.92 ശതമാനം വരുന്ന മുസ്ലിംകളെ രണ്ട് ബി വിഭാഗത്തില്‍നിന്ന് മാറ്റി മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) ഉള്‍പ്പെടുത്തുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്.മുസ്ലിംകളുടെ നാലു ശതമാനം ഒ.ബി.സി സംവരണം എടുത്തുകളഞ്ഞ് ഏറെ രാഷ്ട്രീയ സ്വാധീനമുള്ള പ്രമുഖ സമുദായങ്ങളായ വൊക്കലിഗര്‍ക്കും വീരശൈവ-ലിംഗായത്തിനും രണ്ടു ശതമാനം വീതം വീതിച്ചുനല്‍കി. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടി.

കുടുംബവരുമാനം അടിസ്ഥാനമാക്കിയുള്ള ഇ.ഡബ്ല്യു.എസില്‍ ഉള്‍പ്പെട്ടതോടെ ശക്തരായ സമുദായങ്ങളായ ബ്രാഹ്മണന്‍, വ്യാസ, ജെയിന്‍ തുടങ്ങിയവരോടൊപ്പം മുസ്ലിംകള്‍ മത്സരിക്കേണ്ട അവസ്ഥയാണ്. മത്സര പരീക്ഷളിലടക്കം ഉന്നത പരിശീലനം നേടിയെത്തുന്ന ഈ വിഭാഗങ്ങളോട് മത്സരിക്കാന്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിംകള്‍ക്ക് സാധിക്കില്ല. ഫലത്തില്‍ 15 വര്‍ഷത്തിനുള്ളില്‍ തന്നെ കര്‍ണാടകയിലെ മുസ്ലിംകള്‍ ഏറെ പിന്നാക്കം പോകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഏതെങ്കിലും സാമൂഹിക പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല മുസ്ലിം സംവരണം നീക്കിയത്.

കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജംഇയ്യത് ഉലമ ഹിന്ദ് പ്രസിഡന്‍റ് മൗലാന മഹ്മൂദ് മദനി ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പസ്മാന്ദ മുസ്ലിംകളുടെ ഉയര്‍ച്ചക്കായി നടപടിയെടുക്കുമെന്നുള്ള പ്രധാനമന്ത്രി മോദിയുടെ നിലപാടിന് വിരുദ്ധമാണ് കര്‍ണാടകയിലേത്. അരികുവല്‍കരിക്കപ്പെട്ട സമൂഹങ്ങളെ ഉയര്‍ത്തുമെന്ന് ഒരുഭാഗത്ത് മോദി പറയുന്നു. എന്നാല്‍ മറുഭാഗത്ത് മുസ്ലിംകളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു. ഔദ്യോഗിക സര്‍ക്കാര്‍ രേഖകള്‍ പ്രകാരം രാജ്യത്തെ മുസ്ലിംകള്‍ വിദ്യാഭ്യാസപരമായും സാമ്ബത്തികമായും ഏറെ പിന്നാക്കമാണ്.

മുസ്ലിംകളേക്കള്‍ ഉയര്‍ന്ന സംവരണം മറ്റാരും അര്‍ഹിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഏറ്റവും മോശമായ നടപടിയാണ് കര്‍ണാടകയില്‍ ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ധ്രുവീകരണത്തിലൂടെ വോട്ടുനേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയതെന്നും സംവരണം പുനഃസ്ഥാപിക്കണമെന്നും കര്‍ണാടക വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു.

മറ്റ് സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിലല്ല തങ്ങളുടേതില്‍ നിന്ന് എടുത്തുനല്‍കുന്നതിലാണ് എതിര്‍പ്പെന്നാണ് മുസ്ലിം നേതാക്കളുടെ നിലപാട്. നിലവില്‍ പട്ടികജാതിക്കാര്‍ക്കും വര്‍ഗക്കാര്‍ക്കും താഴെയാണ് വിദ്യാഭ്യാസമേഖലയില്‍ മുസ്ലിംകള്‍ ഉള്ളതെന്നും അവരെ വീണ്ടും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഉലമ കൗണ്‍സില്‍ അംഗമായ ബംഗളൂരു ജാമിഅ മസ്ജിദിലെ മഖ്സൂദ് ഇംറാന്‍ മൗലവി പറഞ്ഞു.

മുസ്ലിം നേതാക്കള്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. സംവരണം പുനഃസ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാട് മുസ്ലിം വിവേചനമാണെന്ന് സോളിഡാരിറ്റി കര്‍ണാടക ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group