
ബെംഗളുരു :ഇലക്ട്രിക് ബസുകൾ ഇറക്കുന്നതുൾപ്പെടെ ബെംഗളൂരുവിലെ വികസന പദ്ധതികൾക്കു നിയമ നിർമാണ കൗൺസിൽ(എംഎൽസി) തിരഞ്ഞെടുപ്പ് ചട്ടം വിലങ്ങുതടി. ഡിസംബർ 10നു 25 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ഇലക്ട്രിക് ബസ് സർവീസ്, ബയ്യപ്പനഹള്ളിറെയിൽവേ ടെർമിനൽ ഉദ്ഘാടനം, ബെംഗളൂരു സബേർബൻ റെയിൽ പദ്ധതി ശിലാസ്ഥാപനം തുടങ്ങിയവയാണ് കാത്തുകിടക്കുന്നത്.
മെട്രോ സ്റ്റേഷനുകളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചുള്ള ഇലക്ട്രിക് ബസ് സർവീസുകൾ ഈ മാസമാദ്യം ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വാടക അടിസ്ഥാനത്തിൽ സർവീസ് നടത്താൻ 2 ബസുകൾ ലഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്തരം സർവീസുകളെല്ലാം ഡിസംബർ 10നു ശേഷമേ ആരംഭിക്കാൻ സാധ്യതയുള്ളൂ. അതിനാൽ, അടുത്ത മാസം അവസാനത്തോടെ ഇത്തരം 90 ബസുകൾ ഇറക്കാനാണ് പദ്ധതി.