തിരുവനന്തപുരം: കോവളം സ്പാ പീഡനകേസില്‍ റിമാൻഡിലായിരുന്ന ആറ് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.ജെല്ലാ ഗോപി, സജിത്ത് കുമാർ, നിഷാന്ത്, ഹെല്‍ത്ത് ഇൻസ്പെക്ടർ അനുരൂപ്, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ മായ, ബാംഗ്ലൂർ സ്വദേശി കൃഷ്ണ വേണി എന്നിവരെയാണ് അന്വേഷണ സംഘം രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം പോക്സോ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലിസ് ശേഖരിച്ച ശേഷമായിരുന്നു എല്ലാവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്തത്.കേസില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പൊലിസ്് സ്ഥിരീകരിച്ചു. സിറ്റി പൊലി സ് കമ്മീഷണർ അരുള്‍ ബി.കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഇതുവരെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.