Home കർണാടക ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്ക് മറ്റൊരു ട്രെയിൻ കൂടി; ഇനി ആറ് മിനിറ്റ് ഇടവേളയില്‍ സര്‍വീസ്

ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്ക് മറ്റൊരു ട്രെയിൻ കൂടി; ഇനി ആറ് മിനിറ്റ് ഇടവേളയില്‍ സര്‍വീസ്

by ടാർസ്യുസ്

ബെംഗളൂരു: യാത്രക്കാർ കാത്തിരുന്നത് പോലെ ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് പതിനഞ്ചാമത്തെ ട്രെയിൻ എത്തി.ഇതോടെ തിരക്കേറിയ സമയങ്ങളില്‍ ആറ് മിനിറ്റ് ഇടവേളയില്‍ സർവീസ് നടക്കാനുള്ള സാധ്യതയേറി. ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്കാണ് 15-ാമത്തേതും അവസാനത്തേതുമായ മെട്രോ ട്രെയിൻ സെറ്റ് എത്തിയത്. ഇതോടെ ഈ പാതയില്‍ ആകെ 15 ട്രെയിൻ സെറ്റുകളുടെ ലഭ്യത പൂർത്തിയായി.ബെംഗളൂർ നഗരത്തിലെ ഏറെ തിരക്കുള്ള ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19.75 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിലെ സർവീസുകള്‍ ഇനി കൂടുതല്‍ കാര്യക്ഷമമാകും. ആറ് കോച്ചുകളുള്ള പുതിയ ട്രെയിൻ കൂടി എത്തിയതോടെ തിരക്കേറിയ സമയങ്ങളില്‍ ആറ് മിനിറ്റ് ഇടവേളയില്‍ സർവീസ് നടത്താൻ ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) നീക്കം ആരംഭിച്ചു.

യെല്ലോ ലൈനില്‍ (ഇലക്‌ട്രോണിക്സ് സിറ്റി മെട്രോ) ബെംഗളൂരു മെട്രോയുടെ അവസാന സിബിടിസി ട്രെയിൻ സെറ്റ് ഉള്‍പ്പെടുത്തിയതായി ഒരു ബിഎംആർസിഎല്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.ആകെ 15 ട്രെയിൻ സെറ്റുകളില്‍ 13 എണ്ണമാണ് സാധാരണ യാത്രക്കാർക്കായി സർവീസില്‍ ഉപയോഗിക്കുക. ഒരു ട്രെയിൻ സ്പെയറായും രണ്ട് അറ്റകുറ്റപ്പണി സ്പെയറായും സൂക്ഷിക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥർ പറഞ്ഞു. നിശ്ചിത അറ്റകുറ്റപ്പണികള്‍, അടിയന്തിര ഘട്ടങ്ങള്‍, സാങ്കേതിക തകരാറുകള്‍ എന്നിവ ഉണ്ടാകുമ്പോള്‍ സർവീസ് മുടങ്ങാതിരിക്കാനാണ് ഈ കരുതല്‍ ട്രെയിനുകള്‍ ഉപയോഗിക്കുന്നത്.ട്രെയിനുകള്‍ പൂർണമായി ലഭ്യമായത് യാത്രക്കാർക്ക് നേട്ടമാകുമെന്നും മെട്രോ സർവീസിന്റെ കൃത്യത കൂട്ടാനും ഇടവേളകള്‍ കുറയ്ക്കാനും സഹായിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ടിറ്റാഗഡിന്റെ നിർമാണ ശാലയില്‍ നിർമിച്ച ട്രെയിൻ ജൂലൈ അവസാനത്തോടെയാണ് ബെംഗളൂരു നഗരത്തിന് സമീപമുള്ള ഹൊസൂരിലെ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയത്. ആവശ്യമായ സുരക്ഷാ പരിശോധനകളും വിലയിരുത്തലുകളും പൂർത്തിയാക്കിയ ശേഷം ശനിയാഴ്ചയോടെ സർവീസിനായി ഉള്‍പ്പെടുത്തുകയായിരുന്നു.

ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് – സിആർആർസി കണ്‍സോർഷ്യത്തില്‍ നിന്ന് ഓർഡർ ചെയ്ത 15 ട്രെയിൻ സെറ്റുകളും ജൂലൈ 27നകം ബിഎംആർസിഎല്ലിന് ലഭിച്ചു. ഇതോടെ ഇടനാഴിയിലെ ഡെലിവറികള്‍ പൂർത്തിയാക്കി. നിരവധി വർഷത്തെ കാലതാമസത്തിന് ശേഷം 2025 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ട്രെയിനുകളുടെ കുറവ് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. പലപ്പോഴും ട്രെയിനുകളുടെ കുറവ് കാരണം ഇടനാഴി 25 മിനിറ്റ് ഇടവേളയിലായിരുന്നു സർവീസ്.ബെംഗളൂരുവിന്റെ തെക്കൻ മേഖലയെ നഗരത്തിലെ പ്രധാന സാങ്കേതിക കേന്ദ്രങ്ങളിലൊന്നായ ഇലക്‌ട്രോണിക്സ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ തുറന്നശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group