ബെംഗളരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ബി ഇ എല്‍ ജങ്ഷനില്‍ തുരങ്കപാത നിർമ്മിക്കാനൊരുങ്ങി ബെംഗളൂരു ഡെവലപ്പ്മെൻ്റ് അതോറിറ്റി (ബി ഡി എ).തുംകൂർ മുതല്‍ ബി ഇ എല്‍ ജങ്ഷൻ വലെ 4.4 കിമി ദൈർഘ്യത്തില്‍ ആറ് വരി പാതയാകും നിർമ്മിക്കുക. നിലവില്‍ ഈ മേഖലയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തിരക്കുള്ള ദിവങ്ങളില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതും പതിവ് കാഴ്ചയാണ്. അതുകൊണ്ട് തന്നെ പുതിയ പാത വരുന്നതോടെ തുംകൂർ വഴി പോകുന്ന നിരവധി യാത്രക്കാർക്ക് വലിയ ആശ്വാസമാകും.കോഡ് റോഡിന് സമീപത്തുള്ള ഡോ രാജ്കുമാർ സാമധിയില്‍ നിന്നാണ് നിർദ്ദിഷ്ഠ തുരങ്കപാത തുടങ്ങുക. അത്യാധുനിക ടണല്‍ ബോറിംഗ് മെഷീൻ ടെക്നോളജി ഉപയോഗിച്ചാണ് ആറുവരി തുരങ്കപാത നിർമ്മിക്കുകയെന്നും അധികൃതർ അറിയിച്ചു. ടണല്‍ പാത വരുന്നതോടെ ഗൊരഗുണ്ടെപാള്യ ജംഗ്ഷനിലെ ഗതഗാതക്കുരുക്ക് വലിയ തോതില്‍ കുറക്കാനാകും. പ്രദേശത്തെ നിലവിലുള്ള റോഡുകളിലെ തിരക്ക് കുറക്കാനും പാത സഹായിക്കും. അതോടൊപ്പം മംഗളൂരു, ഹസൻ, തുംകുരു, ചിത്രദുർഗ, ദേവനഗിരി, ഹുബ്ബള്ളി തുടങ്ങി കർണാടകയുടെ വടക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ വേഗത്തിലും എളുപ്പവുമാക്കും.വാഹനങ്ങള്‍ക്ക് ട്രാഫിക് സിഗ്നലുകളില്‍ നിർത്താതെ തന്നെ റൂട്ട് മാറി പോകാൻ സാധിക്കുന്ന തരത്തിലുള്ള പ്രത്യേക ലൂപ്പ് സംവിധാനമായിരിക്കും പാതയില്‍ നടപ്പാക്കുക.
അതായത് തുംകൂർ-ബി ഇ എല്‍ ജങ്ഷനില്‍ നേരിട്ടുള്ള അതിവേഗ ഭൂർഭപാതയും ഡോ രാജ്കുമാർ സമാധി റോഡില്‍ നിന്നും തുംകൂർ റോഡിലേക്ക് ലൂപ്പ് സംവിധാനവുമായിരിക്കും നടപ്പാക്കുക.വിശദമായ പദ്ധതി രൂരേഖ (ഡി പി ആർ) തയ്യാറാക്കുന്നതിനായി ബി ഡി എ ഇിനോടകം തന്നെ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഡി പി ആർ തയ്യാറായാല്‍ ബി ഡി എ ഇത് സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിക്കുന്നതോടെ ടണല്‍പാതയുടെ നിർമ്മാണപ്രവർത്തനങ്ങളും ആരംഭിക്കും. നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ ഗൊരഗുണ്ടെപാള്യ ജംഗ്ഷനിലെത്തുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക് സിഗ്നലില്‍ അരമണിക്കൂറിലധികം കാത്തികിടക്കേണ്ട അവസ്ഥയുണ്ട്. മാത്രമല്ല ഇവിടെ നിന്നും വാഹനങ്ങള്‍ പീന്യ ഫ്ലൈഓവറിലേക്കും ഔട്ടർ റിങ് റോഡിലേക്കും കടക്കുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകും. അതുകൊണ്ട് തന്നെ തുരങ്കപാത വരുന്നതോടെ ഈ ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല ബെംഗളൂരുവിലെ അടിസ്ഥാന സൌകര്യവികസനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പാത വലിയ നാഴികക്കല്ലായി മാറും.