ബെംഗളൂരു: എച്ച്ഐവി ബാധിതരാണെന്ന വിവരം തിരിച്ചറിയാതെ കർണാടകയില്‍ 56,000ത്തിലധികം പേരെന്ന് റിപ്പോർട്ട്. കർണാടകയില്‍ ഏകദേശം 56,000 പേർക്ക് എച്ച്ഐവി ബാധയുണ്ടെന്ന് കണക്കാക്കപ്പെടുമ്പോള്‍ രണ്ട് ലക്ഷത്തിലധികം പേർ ചികിത്സയിലാണെന്ന് കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (കെഎസ്എപിഎസ്) വ്യക്തമാക്കുന്നു.സൗജന്യ പരിശോധനയും ചികിത്സാ സേവനങ്ങളും വ്യാപകമായി ലഭ്യമായിട്ടും സംസ്ഥാനത്തിന്റെ എച്ച്ഐവി നിയന്ത്രണ പരിപാടിക്ക് നിലവിലെ കണക്കുകള്‍ വെല്ലുവിളിയാണ് ഉയർത്തുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ചികിത്സ സ്വീകരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പുറത്തുള്ളവരെ തിരിച്ചറിയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡേറ്റിങ് ആപ്പുകള്‍ വഴി പങ്കാളികളെ കണ്ടുമുട്ടുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണെന്ന് കെഎസ്എപിഎസ് പ്രോജക്ട് ഡയറക്ടർ പത്മ ബസവന്തപ്പ പറഞ്ഞു.”നേരത്തെ ഒരാള്‍ക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ഞങ്ങള്‍ക്ക് അവരെ കൗണ്‍സിലിങ് ചെയ്ത് പരിശോധനയ്ക്കായി അവരുടെ ലൈംഗിക പങ്കാളികളെ തിരിച്ചറിയാൻ കഴിയുമായിരുന്നു. ഇന്ന് പലരും ഡേറ്റിങ് ആപ്പുകള്‍ വഴിയോ ആകസ്മികമായ കൂടിക്കാഴ്ചകള്‍ വഴിയോ കണ്ടുമുട്ടുന്നു. പല കേസുകളിലും ഇവർക്ക് പരസ്പരം അറിയത്തുപോലുമില്ല. ഇത് കോണ്ടാക്റ്റ് ട്രെയ്സിങ് വളരെ ബുദ്ധിമുട്ടാക്കുന്നു” – എന്ന് ബസവന്തപ്പ പറഞ്ഞു.സ്വമേധയാ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാകാൻ ആളുകള്‍ വിമുഖത കാണിക്കുന്നതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. ആളുകള്‍ ഇപ്പോഴും സ്വന്തമായി പരിശോധനാ കേന്ദ്രങ്ങളിലേക്ക് പോകുന്നില്ല. പലരും തങ്ങള്‍ക്ക് അപകടസാധ്യതയില്ലെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവർ നാണക്കേട് ഉള്‍പ്പെടെ ഭയന്ന് പരിശോധന ഒഴിവാക്കുന്നുവെന്ന് ബസവന്തപ്പ വ്യക്തമാക്കി.എച്ച്ഐവി പകരുന്നതിനെക്കുറിച്ചുള്ള അവബോധം യുവാക്കള്‍ക്കിടയില്‍.അപര്യാപ്തമായി തുടരുകയാണ്. പുരുഷന്മാർ തമ്മിലുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും എച്ച്ഐവി പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന കാര്യം പല യുവാക്കള്‍ക്കും ഇപ്പോഴും അറിയില്ല.
സുരക്ഷിതമായ ലൈംഗിക സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തണം. പ്രതിരോധ സന്ദേശങ്ങള്‍ എല്ലാത്തരം സുരക്ഷിതമല്ലാത്ത ലൈംഗികതയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.KSAPS മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ (MAS) കാമ്പെയ്ൻ ആരംഭിച്ചു. നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓർഗനൈസേഷൻ (NACO) ആരംഭിച്ച കാമ്പെയ്നിന്റെ ഭാഗമായി സമീപത്തുള്ള എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങള്‍, കൗണ്‍സിലർമാർ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ബ്രേക്ക്ഫ്രീ ക്യുആർ കോഡ് കെഎസ്എപിഎസ് അവതരിപ്പിച്ചു. ആശുപത്രികള്‍ക്കപ്പുറം എൻജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍, ജോലിസ്ഥലങ്ങള്‍, വ്യവസായങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍ എന്നിവയിലേക്കും കാമ്പെയ്ൻ വ്യാപിക്കുന്നുണ്ട്. അതേസമയം മറ്റ് ആരോഗ്യ സേവനങ്ങള്‍ക്കൊപ്പം എച്ച്ഐവി പരിശോധന നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംയോജിത ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.