ബെംഗളൂരില്‍ പുതിയ ആകാശപ്പാതകള്‍ വരുന്നു. ബെംഗളൂരിലെ അഞ്ച് സിറ്റി കോർപറേഷനുകളും ആകാശപാതകളുടെ പണികള്‍ തുടങ്ങി കഴിഞ്ഞു.15 ആകാശപ്പാതകളുടെ നിർമ്മാണം നടത്തുന്നതിനുള്ള ടെൻഡർ നടപടികള്‍ ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപറേഷൻ (ബിഇസിസി) ആരംഭിച്ചിട്ടുണ്ട്. ഡിസൈൻ, നിർമ്മാണം, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ മാതൃകയിലാണ് ടെൻഡറുകള്‍ ക്ഷണിച്ചിരിക്കുന്നത്.സ്വകാര്യ കമ്പനികള്‍ തന്നെയായിരിക്കും ഈ ആകാശപാതകള്‍ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുക. പദ്ധതിയുടെ എല്ലാ ചെലവുകളും കമ്പനി വഹിക്കും. നിശ്ചിത കാലയളവ് വരെ പരിപാലിച്ച് കരാറിൻ്റെ കാലാവധി കഴിഞ്ഞതിന് ശേഷം ബിഇസിസിക്ക് കൈമാറുന്നതാണ് ഡിബിഎഫ്ഒടി മോഡല്‍. ആകാശപാതകളില്‍ പരസ്യം നല്കി കമ്പനികള്‍ക്ക് വരുമാനം നേടാനാകും.ഗ്രേറ്റർ ബെംഗളൂരു ഏരിയയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായി മാത്രമായിരിക്കും പരസ്യം നല്കാൻ അനുമതി ഉണ്ടാകുക.
മാത്രമല്ല സ്ഥിരമായി പ്രദർശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. കരാർ കമ്പനികള്‍ 15 വർഷത്തേക്കാണ് ആകാശപാതകള്‍ പ്രവർത്തിപ്പിക്കുക. ഓരോ വർഷവും നിശ്ചിത വാർഷിക ഫീസും കോർപറേഷന് കമ്പനികള്‍ നല്‍കും. സുരക്ഷയും സൌകര്യം ഉറപ്പാക്കുന്നതിനായി ലിഫ്റ്റുകളോ എസ്കലേറ്ററുകളോ പണിയും.ആകാശപാതകള്‍ നിർമ്മിക്കാനുള്ള ടെൻഡറുകള്‍ ബെംഗളൂരു സെൻട്രല്‍ സിറ്റി കോർപറേഷനും ക്ഷണിച്ചിട്ടുണ്ട്. പഴയ എയർപോർട് റോഡിലും ഡോംലൂറിലുള്ള ഇന്നർ റിങ് റോഡിലുമാണ് പാതകള്‍ പണിയുന്നത്. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിനേയും ഇന്നർ റിങ് റോഡിനേയും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഡോംലൂരില് ആകാശപ്പാത നിർമ്മിക്കുക.മറ്റ് കോർപറേഷനിലും വരുന്ന ആഴ്ചകളോടെ ടെൻഡർ നടപടികള്‍ ആരംഭിക്കും. ഇതിനോടകം തന്നെ എട്ട് സ്ഥലങ്ങളില്‍ സാധ്യത പഠനം പൂർത്തിയാക്കിയതായി ബെംഗളൂരു വെസ്റ്റ് സിറ്റി കോർപറേഷൻ അറിയിച്ചു. പഠനത്തിൻ്റെ അടിസ്ഥാനത്തില്‍ നാല് സ്ഥലങ്ങളിലേക്കുള്ള ടെൻഡർ ഉടൻ തന്നെ ക്ഷണിക്കും, അതിനുശേഷം മറ്റിടങ്ങളിലും നടപടികള്‍ വേഗത്തിലാക്കുമെന്ന് കോർപറേഷൻ അറിയിച്ചു.
നഗരത്തില്‍ കുറഞ്ഞത് 101 ആകാശപ്പാതകളെങ്കിലും ആവശ്യമാണെന്നാണ് ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ വിലയിരുത്തല്‍. നിലവില്‍ 82 ആകാശപാതകളാണ് നഗരത്തില്‍ ഉള്ളത്. ഇതില്‍ പലതും മോശം അവസ്ഥയിലാണ് ഉള്ളത്. അതേസമയം ശോച്യാവസ്ഥയിലായ ആകാശപാതകളുടെ പരിപാലനത്തിനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്ന് ബെംഗളൂരു സൌത്ത് സിറ്റി കോർപറേഷൻ അറിയിച്ചു.2023 മുതല്‍ ഇതുവരെ 931 കാല്‍നട യാത്രക്കാർ അപകടത്തില്‍ മരിച്ചുവെന്നാണ് ട്രാഫിക് പോലീസിൻ്റെ കണക്ക്. ആകാശപാതകളോ മറ്റ് നടപ്പാതകളോ ഇല്ലാത്ത ഇടങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഭൂരിഭാഗം യാത്രക്കാരും അപകടത്തില്‍പ്പെട്ടത്.പലയിടങ്ങളിലും നടപ്പാതകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാർ റോഡിലൂടെ നടക്കുന്ന സാഹചര്യമുണ്ട്. ഇതോടെ കോർപറേഷൻ്റെ നേതൃത്വത്തില്‍ നടപ്പാതകളിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു.