ബംഗളൂരു: ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്ക് പരിഷ്കരിച്ച സർട്ടിഫിക്കറ്റുകള്‍ നല്കാൻ കർണാടക ഹൈകോടതി ജനന-മരണ രജിസ്ട്രാർക്ക് നിർദ്ദേശം നല്കി.സർട്ടിഫിക്കറ്റുകള്‍ വ്യക്തികളുടെ മുമ്ബത്തേതും പരിഷ്കരിച്ചതുമായ പേരുകളും ലിംഗഭേദങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും നിർദേശമുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ 34 കാരിയായ ട്രാൻസ്ജെൻഡർ യുവതിയുടെ ജനന സർട്ടിഫിക്കറ്റില്‍ പേരും ലിംഗവും അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തീർപ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവ് പുറപ്പെടുവിച്ചത്. 1969ലെ നിയമത്തിലെ വ്യവസ്ഥകളുടെ അഭാവം ചൂണ്ടിക്കാട്ടി മംഗളൂരു സിറ്റി കോർപ്പറേഷന്റെ ജനന-മരണ രജിസ്ട്രാർ അപേക്ഷ നേരത്തെ നിരസിച്ചിരുന്നു.
അപേക്ഷ നിരസിക്കാനുള്ള രജിസ്ട്രാറുടെ തീരുമാനം 1969ലെ നിയമപ്രകാരം സാങ്കേതികമായി ശരിയാണെന്ന് കോടതി അംഗീകരിച്ചു. എന്നാല്‍ ഈ തീരുമാനം 2019ലെ നിയമപ്രകാരം ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. നിയമഭേദഗതികള്‍ വരുന്നതുവരെ പുതുക്കിയ സർട്ടിഫിക്കറ്റുകള്‍ നല്കാൻ കോടതി രജിസ്ട്രാർക്ക് നിർദ്ദേശം നല്‍കുകയായിരുന്നു. ജനന മരണ രജിസ്ട്രേഷൻ നിയമം, 1969-ല്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത് വരെ ഈ നിർദ്ദേശം പ്രാബല്യത്തില്‍ ഉണ്ടാകും.
1969 ലെ നിയമത്തിലും അതിന്റെ ചട്ടങ്ങളിലും ഭേദഗതികള്‍ നിർദ്ദേശിക്കണമെന്നും കോടതി കർണാടക ലോ കമീഷനോടും സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെട്ടു. ട്രാൻസ്ജെൻഡർ പേഴ്സണ്‍സ് ആക്ട്, 2019, ലിംഗമാറ്റത്തിന് ശേഷം ഒരു യോഗ്യതയുള്ള അതോറിറ്റി നല്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജനന സർട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ അപ്ഡേറ്റ് ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍, 1969 ലെ നിയമത്തില്‍ ലിംഗമാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി യഥാർഥ സർട്ടിഫിക്കറ്റുകള്‍ പരിഷ്കരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.