Home കർണാടക ബെംഗളൂരിലെ ഐ.ഒ.സി. ജംഗ്ഷൻ ഫ്ലൈഓവര്‍ പൊളിച്ചുനീക്കും;436 കോടി രൂപ ചെലവില്‍ പുതിയ ഫ്ലൈഓവര്‍ വരും

ബെംഗളൂരിലെ ഐ.ഒ.സി. ജംഗ്ഷൻ ഫ്ലൈഓവര്‍ പൊളിച്ചുനീക്കും;436 കോടി രൂപ ചെലവില്‍ പുതിയ ഫ്ലൈഓവര്‍ വരും

കിഴക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് 436 കോടി രൂപ ചെലവില്‍ പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ഐ.ഒ.സി.ജംഗ്ഷൻ ഫ്ലൈഓവർ പൊളിച്ചുനീക്കാനാണ് തീരുമാനം. 2001-02 കാലഘട്ടത്തില്‍ റെയില്‍വേ നിർമ്മിച്ച ഈ ഫ്ലൈഓവർ നഗര ഗതാഗതത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്.ഫ്ലൈഓവർ പൊളിക്കുന്നതിനാല്‍ ഡോഡ ബാനസവാഡി റോഡ്, ബൈയപ്പനഹള്ളി റോഡ്, കമ്മനഹള്ളി റോഡ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനിടയുണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്. തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ കൂടുതലുള്ള സ്ഥലമാണിത്. അതിനാല്‍ ഫ്ലൈഓവർ പൊളിക്കുന്നത് ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഈ സാഹചര്യത്തില്‍നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് വിവിധ സിവിക്, ഗതാഗത ഏജൻസികളുമായി ചേർന്ന് സമഗ്രമായ ട്രാഫിക് ക്രമീകരണ പദ്ധതി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.ഇതോടൊപ്പം, ബൈയപ്പനഹള്ളി റോഡിനെ ഓള്‍ഡ് മദ്രാസ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ മേല്‍പ്പാലവും ബി-സ്മൈല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ സർ എം. വിശ്വേശ്വരയ്യ ടെർമിനലിലേക്കുള്ള പ്രവേശനം ഇതിലൂടെ കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുതിയ റോട്ടറി ഫ്ലൈഓവർ വിവിധ ദിശകളില്‍ നിന്ന് ടെർമിനലിലേക്കുള്ള തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇടുങ്ങിയ റോഡുകളും പരിമിതമായ പ്രവേശന സൌകര്യങ്ങളും കാരണം നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരം കാണാനാകും.അതേസമയം, പദ്ധതിയുടെ ചെലവ് 2023-ല്‍ നിർദ്ദേശിച്ച 263 കോടി രൂപയില്‍ നിന്ന് 436 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

രൂപകല്‍പ്പനയിലെ മാറ്റങ്ങള്‍, ജിഎസ്ടി ഉള്‍പ്പെടെയുള്ള ചിലവ് വർധന, കൂടാതെ മാരുതി സേവ നഗർ റോഡില്‍ നിന്ന് റെയില്‍വേ ടെർമിനലിലേക്കുള്ള ദീർഘദൂര യാത്രക്കാരെ പ്രാദേശിക ട്രാഫിക്കില്‍ നിന്ന് വേർതിരിക്കാൻ 1.5 കിലോമീറ്റർ നീളമുള്ള പുതിയ ഫ്ലൈഓവർ എന്നിവ ഉള്‍പ്പെടുത്തിയതാണ് ചെലവ് ഉയരാൻ കാരണമായത്.ഐ.ഒ.സി. ജംഗ്ഷൻ വഴി നടപ്പിലാക്കുന്ന ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിക്ക് കെ-റൈഡ് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. എങ്കിലും സമീപ പ്രദേശങ്ങളില്‍ സജീവമായ നിരവധി റെയില്‍വേ പാതകള്‍ ഉള്ളതിനാല്‍ നിർമ്മാണം സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group