ബംഗളൂരുവിലെ പ്രമുഖ കോഫിഷോപ്പില്‍ ഒളി കാമറ കണ്ടെത്തി യുവതി. തേഡ് വേവ് കോഫി ഷോപ്പില്‍ ടോയ്‍ലറ്റിലെ ഡെസ്റ്റിബിനില്‍ ഒളികാമറ വെച്ചത് യുവതിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാള്‍ ടോയ്‌ലെറ്റില്‍ പ്രവേശിച്ച ശേഷം ഡസ്റ്റ്ബിന്നിന് ഉള്ളിലാണ് മൊബൈല്‍ ക്യാമറ ഓണാക്കി ഒളിപ്പിച്ചത്. ബിന്നില്‍ ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ഫോണ്‍ ഫ്‌ളൈറ്റ് മോഡിലാക്കി ഒളിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. ഡസ്റ്റ്ബിനില്‍ വെച്ച സ്മാര്‍ട് ഫോണ്‍ രണ്ടുമണിക്കൂറോളം വിഡിയോ ചിത്രീകരിച്ചതായും കണ്ടെത്തി. ടോയ്‌ലറ്റ് സീറ്റിന് അഭിമുഖമായാണ് ഫോണ്‍ വെച്ചിരുന്നത്. ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കടയുടമ ഉറപ്പുനല്‍കി. കടയിലെത്തുന്നവരുടെ സ്വകാര്യത, സുരക്ഷ എന്നിവ സ്ഥാപനത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നും സ്ഥാപന ഉടമ പറഞ്ഞു.
ഇപ്പോഴുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോണ്‍ കണ്ടെത്തിയപ്പോള്‍ പരിഭ്രാന്തയായ യുവതി കഫേയിലെ ജീവനക്കാരെ വിളിക്കുകയായിരുന്നു. പെട്ടെന്നു തന്നെ തങ്ങളില്‍പെട്ട ഒരാളുടേതാണ് ഫോണ്‍ എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.റസ്റ്റോറന്റുകള്‍, കഫേകള്‍, എന്തിന് ജയില്‍ മുറിയില്‍ പോലും ഇത്തരം സംഭവം ആവര്‍ത്തിക്കാമെന്നും സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ദൃക്‌സാക്ഷികളിലൊരാള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.